തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ഘടകകക്ഷി ഐഎൻഎൽ. ഇക്കാര്യം ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവന് കത്ത് നൽകി.
കോഴിക്കോട് സൗത്തിൽ വിജയിച്ച അഹമ്മദ് ദേവർകോവിലൂടെ ഐഎൻഎല്ലിന് ഒരു സീറ്റാണ് തിരഞ്ഞെടുപ്പിൽ ലഭിച്ചത്. 12459 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് അഹമ്മദ് ദേവർകോവിൽ വലിയ ഭൂരിപക്ഷത്തിൽ തിരികെ പിടിച്ചത്.
അതേസമയം എൻസിപിയിലെ മന്ത്രി സ്‌ഥാനത്തെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. ഇത് സമവായത്തിലെത്തിക്കാൻ എൻസിപി ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേൽ കേരളത്തിൽ എത്തും. പാർട്ടി സംസ്‌ഥാന നേതൃത്വവുമായും എംഎൽഎമാരായ എകെ ശശീന്ദ്രൻ, തോമസ് കെ തോമസ് എന്നിവരുമായും കൂടിക്കാഴ്‌ച നടത്തും.
ഇരുവരും മന്ത്രി സ്‌ഥാനത്തിന് അവകാശം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇടതു മുന്നണിയുടെ പൊതു തീരുമാനം കൂടി പരിഗണിച്ചായിരിക്കും എൻസിപി മന്ത്രിയെ തീരുമാനിക്കുക.
Read Also: സംസ്‌ഥാനത്ത് 6 ജില്ലകളിൽ കോവിഡ് അതിതീവ്ര വ്യാപനം; കേന്ദ്രം