ന്യൂഡെല്‍ഹി: ലോകത്തിനെ കൂടുതല്‍ വിശ്വാസ്യതയോടെ അഭിമുഖീകരിക്കാന്‍ ഇന്ത്യ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ശശി തരൂര്‍ എംപി. ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ നേതൃ സ്‌ഥാനത്തേക്ക് എത്തുവാന്‍ സാമ്പത്തിക, സാമൂഹിക രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജ്യം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഏഴാമത് നാഷണല്‍ ഫോറത്തില്‍ സംസാരിക്കവേയാണ് മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി കൂടിയായ തരൂര്‍ തന്റെ നിലപാട് വ്യക്‌തമാക്കിയത്.
‘നിര്‍ഭാഗ്യവശാല്‍ രാജ്യമിപ്പോള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പലവിധ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പെട്ട് ഉഴലുകയാണ്. സാമൂഹികമായ ഒരുമയില്‍ വിള്ളലുണ്ടായി കഴിഞ്ഞു. കോവിഡ് വ്യാപനവും,ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കവും, നോട്ട് നിരോധനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും, തൊഴിലില്ലായ്‌മ വര്‍ധിക്കുന്നതും ഗൗരവമേറിയ വിഷയങ്ങളാണ്’ തരൂര്‍ പറഞ്ഞു. പബ്ളിക് അഫയേഴ്സ് ഫോറം ഓഫ് ഇന്ത്യയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസിത രാജ്യം എന്ന നേട്ടത്തിലേക്ക് എത്തുവാന്‍ ഇന്ത്യ ഇത്തരം ആഭ്യന്തര വിഷയങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കില്‍ മാത്രമേ മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് വിശ്വാസ്യത ലഭിക്കുകയുള്ളൂ എന്നും തരൂര്‍ പറഞ്ഞു.
Read Also: ഇന്ത്യയിൽ ഭരണഘടനക്കാണ് സ്‌ഥാനം, ബിജെപി പ്രകടന പത്രികക്കല്ല; മെഹ്ബൂബ മുഫ്‌തി