മലപ്പുറം: ജില്ലയിൽ പോക്‌സോ കേസിൽ അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിൽ വള്ളിക്കുന്ന് സ്വദേശി പിടി അഷ്റഫിനെ(53) കഴിഞ്ഞ ദിവസമാണ് താനൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ വിശദീകരണം തേടിയതിന് പിന്നാലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് മേധാവികൾ സ്‌കൂളിലെത്തി മൊഴി രേഖപ്പെടുത്തി.
രക്ഷിതാക്കളുടെ പരാതി, പോലീസ് കേസ് റിപ്പോർട്, റിമാൻഡ് ചെയ്‌ത വിവരങ്ങൾ എന്നിവയുടെ പകർപ്പും ശേഖരിച്ചു. ഇതോടൊപ്പം തെളിവെടുപ്പ് വിവരങ്ങൾ സഹിതം അധ്യാപകനെതിരെ വകുപ്പുതല അച്ചടക്ക നടപടി ആവശ്യപ്പെട്ട് എഇഒ ഇന്നലെ വൈകിട്ട് റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്.
നിലവിൽ കോടതി റിമാൻഡ് ചെയ്‌ത അധ്യാപകൻ ജയിലിൽ കഴിയുകയാണ്. സമാന കുറ്റത്തിന് മൂന്നാം തവണയാണ് ഇയാൾ അറസ്‌റ്റിലാകുന്നത്. 2011ൽ മറ്റൊരു ഉപജില്ലയിലെ സ്‌കൂളിൽ അധ്യാപകനായിരിക്കെ അൻപതോളം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നതായിരുന്നു ആദ്യത്തെ പരാതി. തുടർന്ന് കോടതി വിധി അനുകൂലമായതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്‌ത പ്രതിയെ പിന്നീട് സർവീസിൽ തിരിച്ചെടുക്കുകയും ചെയ്‌തു.
Read also: അലർജിക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ചു; താലൂക്ക് ആശുപത്രിക്ക് എതിരെ പരാതി