വാഷിംഗ്‌ടൺ: യുഎസിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ വിതരണത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചു. എത്രയും വേഗം അനുമതി നൽകണമെന്നാണ് കമ്പനി അമേരിക്കൻ ആരോഗ്യവകുപ്പിനോട് അഭ്യർഥിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ, ഫൈസർ-ബയോഎൻടെക്, മോഡേണ എന്നീ വാക്‌സിനുകൾക്ക് ശേഷം അമേരിക്ക അനുമതി നൽകുന്ന മൂന്നാമത്തെ വാക്‌സിനാവും ഇത്.
ഏറെ സവിശേഷതകൾ ഉള്ള വാക്‌സിനാണ് കമ്പനി പുറത്തിറക്കിയത്. ഒരു ഡോസ് വാക്‌സിനാണ് ജോൺസൺ ആന്റ് ജോൺസൺ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലേതടക്കം ഇതുവരെ പുറത്തിറങ്ങിയ എല്ലാ വാക്‌സിനുകൾക്കും രണ്ട് ഡോസ് ആവശ്യമാണ്.
ഇതോടൊപ്പം മറ്റ് വാക്‌സിനുകൾ പ്രത്യേക താപനിലയിൽ പ്രത്യേകം ഫ്രീസറുകളിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ, പുതിയ വാക്‌സിൻ റെഫ്രിജറേറ്റർ താപനിലയിൽ സൂക്ഷിക്കാം. ഈ രണ്ട് കാരണങ്ങളും ജോൺസൺ ആന്റ് ജോൺസൺ വാക്‌സിനെ ശ്രദ്ധേയമാക്കുന്നു.
ഇതിന്റെ ഫലപ്രാപ്‌തി പരിശോധിച്ച് അതിന് അനുമതി നൽകാൻ ആഴ്‌ചകളെടുക്കും. ക്ളിനിക്കൽ പരീക്ഷണങ്ങളിലെ കണ്ടെത്തലുകൾ പരിശോധിച്ചാവും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. മറ്റ് രണ്ട് വാക്‌സിനുകൾക്ക് 3 ആഴ്‌ചയാണ് സമയമെടുത്തത്. എന്നാൽ, പുതിയ വാക്‌സിന്റെ കാര്യത്തിൽ വേഗത്തിൽ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. 8 രാജ്യങ്ങളിലായി 44000 ആളുകളിലാണ് ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ ക്ളിനിക്കൽ പരീക്ഷണങ്ങൾ നടന്നത്.
Read Also: ഈന്തപ്പഴം, ഖുർആൻ വിതരണം; കസ്‌റ്റംസ് അന്വേഷണം നിലച്ചു