ന്യൂഡെൽഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നടി കങ്കണ റണൗട്ടിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ രാഷ്‍ട്രപതിക്ക് കത്തയച്ച് ഡെല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. കങ്കണയ്‌ക്ക് നല്‍കിയ പദ്‌മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. നടിക്കെതിരെ കേസ് എടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാത്‌മാഗാന്ധിയും ഭഗത് സിംഗും ഉള്‍പ്പടെ ആയിരക്കണക്കിന് പേരുടെ ത്യാഗത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തെ അനാദരിച്ച കങ്കണയ്‌ക്ക് അവാര്‍ഡിനുപകരം ചികിൽസയാണ് നല്‍കേണ്ടതെന്നും രാജ്യദ്രോഹപരമായ പ്രസ്‌താവനയിൽ എഫ്‌ഐആര്‍ ചുമത്തി കേസെടുക്കണമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ വ്യക്‌തമാക്കി.
ഒരു ദേശീയ മാദ്ധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യയ്‌ക്ക് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന 2014ലാണെന്നും 1947ല്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, പകരം ഭിക്ഷയായിരുന്നു എന്നുമാണ് കങ്കണയുടെ പരാമര്‍ശം. സവർക്കർ ഉൾപ്പടെ ഉള്ളവരാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം നേടാൻ വേണ്ടി പൊരുതിയവരെന്നും കോൺഗ്രസ് പാർട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു.
എന്നാൽ പ്രസ്‌താവന വിവാദമായതോടെ പദ്‌മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും നടിയെ അറസ്‌റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ട്വിറ്ററില്‍ ‘കങ്കണ റണൗട്ട് ദേശ്‌ദ്രോഹി’ ഹാഷ്‌ടാഗും ട്രെന്റിങ്ങാണ്. കങ്കണയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്യണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്. മണ്ടത്തരം വിളിച്ചുപറയുന്ന കങ്കണ ഒരുതരത്തിലുമുള്ള പുരസ്‌കാരവും അര്‍ഹിക്കുന്നില്ലെന്നും പദ്‌മ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും നിരവധിപേർ ട്വിറ്ററിലൂടെയും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലൂടെയും ആവശ്യപ്പെടുന്നുണ്ട്.
Most Read: ‘ഏഴ് വർഷമായി മക്കളില്ല, പകരം വളർത്തിയതാണ് പിക്‌സിയെ’; നിറകണ്ണുകളോടെ ജിജോ