തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പോലീസ് കേസെടുത്തു. ശാഖാ മാനേജര്‍ മനോജിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2018 ആഗസ്‌റ്റ് 18 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അംഗികൃത സ്വര്‍ണ മൂല്യനിര്‍ണയക്കാരനായ ടിവി രമേശനും മറ്റ് ചിലരും ചേര്‍ന്ന് മുക്കുപണ്ടം പണയം വെച്ച് വായ്‌പയെടുത്ത് ബാങ്കിന് നഷ്‌ടം വരുത്തിയെന്നാണ് പരാതി.
എന്നാല്‍ കൂട്ടുപ്രതികള്‍ ആരെല്ലാമാണെന്നോ എത്രരൂപയുടെ നഷ്‌ടമാണ് പ്രതികൾ ഉണ്ടാക്കിയതെന്നോ പരാതിയില്‍ വ്യക്‌തമാക്കിയിട്ടില്ല. അതേസമയം ആഗസ്‌റ്റ് 5ന് തന്നെ തട്ടിപ്പ് കണ്ടെത്തിയിട്ടും പരാതി നല്‍കാന്‍ ഇത്രയും ദിവസം വൈകിയത് ന്യായീകരിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ബാങ്ക് അധികൃതർക്ക് നേരത്തെ അറിയാമായിരുന്നു എന്നും പേരിന് ഒരു പരാതി നല്‍കി തടിയൂരാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ബാങ്ക് അപ്രൈസര്‍ തെക്കേവീട്ടില്‍ രമേശനെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മുക്കുപണ്ട തട്ടിപ്പ് ചർച്ചാ വിഷയമായത്. രമേശന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന ആവശ്യവുമായി കര്‍മസമിതി രൂപീകരിച്ച് രംഗത്തിറങ്ങാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. അതേസമയം പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന കോടിയിലധികം രൂപയുടെ സ്വർണ്ണ പണയ തട്ടിപ്പിന് പിന്നിൽ വൻ കള്ളപ്പണ മാഫിയ പ്രവർത്തിച്ചിരുന്നതായാണ് സൂചന.
Read also: വേദനയോടെ ജീവിതം; വീഴ്‌ചയിൽ പരിക്കേറ്റ പെരുമ്പാമ്പിന് ശസ്‌ത്രക്രിയ നടത്തി