‘കശ്‌മീർ ഫയല്‍സ്’ സത്യത്തെ വളച്ചൊടിക്കുന്നു; ഒമര്‍ അബ്‌ദുല്ല

By News Bureau, Malabar News
ഒമര്‍ അബ്‌ദുല്ല (Image: AFP)
Ajwa Travels

ശ്രീനഗര്‍: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ‘ദി കശ്‌മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിനെതിരെ മുന്‍ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വൈസ് പ്രസിഡണ്ടുമായ ഒമര്‍ അബ്‌ദുല്ല രംഗത്ത്. ചിത്രം സത്യത്തെ തെറ്റായി കാണിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കശ്‌മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതിന് പകരം അവരെ കൂടുതല്‍ അകറ്റാനാണ് സിനിമ ശ്രമിക്കുന്നതെന്നും പറഞ്ഞു.

‘ഇതൊരു ഡോക്യുമെന്ററിയാണോ കൊമേഷ്യല്‍ സിനിമ ആണോയെന്നാണ് ഇതിന്റെ നിര്‍മാതാക്കളോട് ചോദിക്കാനുള്ളത്. കച്ചവട സിനിമയാണെങ്കില്‍ എതിര്‍പ്പില്ല. എന്നാല്‍ യാഥാര്‍ഥ്യത്തെ അടിസ്‌ഥാനമാക്കിയാണ് സിനിമ ചെയ്യുന്നതെങ്കില്‍ സത്യം എന്താണെന്ന് കൂടി പറയണം,’ ദമാല്‍ ഹന്‍ജി പോരയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ചിത്രത്തിൽ കശ്‌മീരി പണ്ഡിറ്റുകളുടെ പലായന സമയത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ തെറ്റായ രീതിയിലാണ് കാണിക്കുന്നതെന്നും ഒമര്‍ അബ്‌ദുല്ല പറഞ്ഞു. പലായനത്തിന്റെ സമയത്ത് കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നത് ബിജെപി പിന്തുണയുള്ള സര്‍ക്കാരാണെന്നും അത് സിനിമയില്‍ എന്തുകൊണ്ട് കാണിച്ചില്ലെന്നുംഅദ്ദേഹം ചോദിച്ചു.

‘പലായനം നടക്കുന്ന സമയത്ത് ഫറൂഖ് അബ്‌ദുല്ലയല്ല മുഖ്യമന്ത്രി. ഗവര്‍ണര്‍ ജഗ്‌മോഹന്റെ കീഴില്‍ ഗവര്‍ണര്‍ രാജ് നടക്കുന്ന സമയത്താണ് ഈ സംഭവം നടന്നത്. വിപി സിംഗ് സര്‍ക്കാരാണ് അന്ന് ഇന്ത്യ ഭരിച്ചത്. അവരുടെ പിന്നിലുണ്ടായിരുന്നതാവട്ടെ ബിജെപിയും,’ ഒമർ അബ്‌ദുല്ല പറഞ്ഞു.

കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തില്‍ വളരെ ദുഃഖമുണ്ടെന്നും എന്നാൽ കശ്‌മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ട അതേ തോക്കിന് ഇരയായ മുസ്‌ലിങ്ങളുടെയും സിഖുകാരുടെയും ത്യാഗങ്ങള്‍ മറക്കരുതെന്നും അദ്ദേഹം വ്യക്‌തമാക്കി. പണ്ഡിറ്റുകളോടൊപ്പം തന്നെ മുസ്‌ലിങ്ങളും സിഖുകാരും വീടും കശ്‌മീരും വിട്ട് ഓടിപ്പോയെന്നും പിന്നീട് മടങ്ങിവന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1990ലും അതിനുശേഷവും അനുഭവിച്ച വേദനയും കഷ്‌ടപ്പാടും പഴയതുപോലെ ആക്കാനാവില്ല. കശ്‌മീരി പണ്ഡിറ്റുകള്‍ക്ക് സുരക്ഷിതത്വബോധം നഷ്‌ടപ്പെട്ട് താഴ്‌വര വിട്ടുപോകേണ്ടിവന്നത് കശ്‌മീരിയത്ത് സംസ്‌കാരത്തിനേറ്റ കളങ്കമാണ്. വിഭജനങ്ങള്‍ ഭേദമാക്കാനുള്ള വഴികള്‍ നാം കണ്ടെത്തേണ്ടതുണ്ട്,’ എന്ന് അദ്ദേഹം നേരത്തെ ട്വിറ്ററിലും കുറിച്ചിരുന്നു.

Most Read: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE