ജില്ലാ വിഭജനമടക്കം സമഗ്ര വികസന നിര്‍ദ്ദേശങ്ങളുമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി

By Desk Reporter, Malabar News
kerala muslim jamaath
Ajwa Travels

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയുടെ വിഭജനമടക്കം സമഗ്ര വികസനത്തിനുള്ള വിവിധ നിര്‍ദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിച്ചു. കേരള പര്യടനത്തിന്റെ ഭാഗമായി ഇന്നാണ് മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെത്തിയത്.

‘കേരള മുസ്‌ലിം ജമാഅത്ത്’ മലപ്പുറം ജില്ലാ കമ്മിറ്റിയെ മുഖ്യമന്ത്രിയുമായി നേരിട്ടുള്ള കൂടികാഴ്‌ചയിലേക്കും ചർച്ചയിലേക്കും ക്ഷണിക്കപ്പെട്ടതായിരുന്നു. ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ജനറല്‍ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂര്‍, എസ്‌വൈഎസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി കെപി ജമാല്‍ കരുളായി, യൂസഫ്‌ പെരിമ്പലം എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ടൂറിസം, കൃഷി, സാമുഹികം, പ്രവാസം, സംസ്‌കാരികം, വ്യവസായം, തീരദേശമലയോര മേഖലകളിലെ വികസനങ്ങൾ ഉൾപ്പടെ ജില്ലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് കൈമാറിയത്.

നിര്‍ദ്ദേശങ്ങളിലെ പ്രധാനാവശ്യങ്ങൾ

മലപ്പുറം ജില്ല നിലവില്‍ വന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയായി. ജില്ല രൂപീകരിക്കുമ്പോള്‍ 14 ലക്ഷമായിരുന്ന ജനസംഖ്യ ഇന്നത് 45 ലക്ഷമാണ്. ജനസംഖ്യക്ക് ആനുപാതികമായി മലപ്പുറത്തിന് അര്‍ഹതപ്പെട്ടതും. കിട്ടേണ്ടതുമായ ധാരാളം വികസന കാര്യങ്ങള്‍ ലഭിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

റവന്യൂ അടിസ്‌ഥാനപ്പെടുത്തി ജില്ല, താലൂക്ക്, വില്ലേജ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ വിഭജനത്തിനും പുതിയവ രൂപീകരിക്കുന്നതിനും സമയം അതിക്രമിച്ചിട്ടുണ്ട്. അതിനാല്‍ ശ്രീ. പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലും എൽഡിഎഫ്‌ മുന്നോട്ടുവെക്കുന്ന പ്രകടന പത്രികയിലും ജില്ലക്ക് അര്‍ഹമായ പരിഗണന നല്‍കി മലപ്പുറം ജില്ലാ പാക്കേജ് നടപ്പാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

ബഹുഭാഷാ പഠന സര്‍വ്വകലാശാല യാഥാർഥ്യമാക്കുക, കേരള ചരിത്ര രചനയുടെ അഗ്രേസരനായ ശൈഖ് സൈനുദ്ധീന്‍ മഖുദൂമിന്റെ നാമധേയം ഈ സര്‍വ്വകലാശാലക്ക് നൽകുക. ഇതിന്റെ ആസ്‌ഥാനം മലപ്പുറമാക്കുക. ജില്ലാ ആസ്‌ഥാനത്ത് പ്രസ്‌ക്ളബുമായി സഹകരിച്ച് ബഹുമുഖ മീഡിയ സ്‌കൂള്‍ സ്‌ഥാപിക്കുക.

20% സീറ്റുവര്‍ധനക്ക് പകരം പുതിയ കോഴ്‌സുകളും ബാച്ചുകളും അനുവദിച്ച് ഹയര്‍ സെക്കണ്ടറി പഠന രംഗത്തെ പോരായ്‌മ പരിഹരിക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്തെ പതിറ്റാണ്ടുകളുടെ പോരായ്‌മ പരിഹരിക്കാന്‍ പുതിയ കോളേജുകളും, നവീന കോഴ്‌സുകളും അനുവദിക്കണം.

ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പ്രധാന പ്രാദേശിക ഉപകേന്ദ്രം മലപ്പുറത്ത് അനുവദിച്ച് ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിദൂര പഠന സൗകര്യമനുഭവിക്കുന്ന വിദ്യാർഥികള്‍ക്ക് ഇതിലൂടെ പഠന തടസങ്ങള്‍ ഒഴിവാക്കണം. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ധീരസ്‌മരണ നിലനിര്‍ത്തുന്നതിനായി ചരിത്ര പഠന കേന്ദ്രം സ്‌ഥാപിക്കുക.

മദ്രസാധ്യാപകർക്ക് ഭവന പദ്ധതികളിൽ പ്രത്യേക പരിഗണനൽകുക. ഇവരുടെ ജീവിതനിലവാരം ഉയർത്താനുതകും വിധം സ്വയം തൊഴിലിനുള്ള സമഗ്ര പരിശിലനവും ലഭ്യമാക്കുക. ആരാധനാലയങ്ങൾ നിർമിക്കുന്നതിനുള്ള അനുമതി ബന്ധപ്പെട്ട തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരിൽ നിക്ഷിപ്‌തമാക്കുക. മഞ്ചേരിയിലെ ജില്ലയിലെ ഏക മെഡിക്കൽ കോളേജിനെ വർദ്ധിച്ച് വരുന്ന മഹാമാരിയുൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാക്കുകയും വൈറോളജി ഇൻസ്‌റ്റിറ്റൃൂട്ടായി ഉയർത്തുകയും ചെയ്യുക.

കൊണ്ടോട്ടി മാപ്പിളകലാ അക്കാഡമിക്ക് കീഴില്‍ ദഫ്, അറബന തുടങ്ങിയ പാരമ്പര്യ കലകള്‍ക്ക് പരിശീലനം നല്‍കുക. കേരളത്തിലെ കൃസ്ത്യന്‍ മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഫാസിസ്‌റ്റുകളുടെ ബോധപൂര്‍വ്വമുള്ള ശ്രമത്തെ മുളയിലെ നുള്ളിക്കളയാനുള്ള അടിയന്തിര ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ താല്‍പര്യം എടുക്കണമെന്നും നേതാക്കള്‍ ചർച്ചയിലും സമർപ്പിച്ച നിർദ്ദേശങ്ങളിലും ആവശ്യപ്പെട്ടു.

Most Read: വാക്‌സിനേഷന് തയാറെടുത്ത് തലസ്‌ഥാനം; പ്രതിദിനം ഒരു ലക്ഷം ആളുകള്‍ക്ക് ലഭ്യമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE