കോഴിക്കോട്: രാജ്യസഭയില്‍ എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിന് എതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി. എന്നാല്‍, പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചില്ല. കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം 12 പേരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെയാണ് ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കിയത്. വിഷയത്തില്‍ കേരളത്തില്‍ നിന്ന് ആദ്യം പ്രമേയം പാസാക്കുന്നതും കോഴിക്കോട് കോര്‍പ്പറേഷനാണ്.
കഴിഞ്ഞ സമ്മേളനത്തില്‍ രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് എംപിമാരെ സസ്‌പെൻഡ് ചെയ്‌തത്. ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി നിലവിലുണ്ടാവുക. മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന കേന്ദ്ര നിലപാട് ബിനോയ് വിശ്വം എംപി തള്ളിയിരുന്നു.
പാർലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് നടപടിയോട് ബിനോയ് വിശ്വം പ്രതികരിച്ചത്. ജനവികാരത്തെ മാനിക്കാത്ത സർക്കാർ കർഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Most Read: നവജാത ശിശുവും അമ്മയും മരിച്ച സംഭവം; രോഗതീവ്രത അറിയിച്ചില്ലെന്ന് കുടുംബം