ന്യൂ ഡെൽഹി: ഹത്രസ് പീഡനത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായിരിക്കെ ഡെൽഹി ഇന്ത്യാഗേറ്റ് പരിസരത്ത് 144 പ്രഖ്യാപിച്ചു. ഇന്ത്യാഗേറ്റ് പരിസരത്ത് ആൾക്കൂട്ടങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഡെൽഹി പോലീസ് അറിയിച്ചു. എന്നിരുന്നാലും, അധികൃതരുടെ അനുമതിയുണ്ടെങ്കിൽ ഇന്ത്യാഗേറ്റിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ ആകാമെന്നും എന്നാൽ 100 പേർക്കു മാത്രമേ പങ്കെടുക്കാൻ അനുവാദം ഉണ്ടാകൂ എന്നും ഡെൽഹി പോലീസ് വ്യക്തമാക്കി.
No gathering is permissible around India Gate due to imposition of Section 144 CrPC.@CPDelhi @LtGovDelhi @PMOIndia @HMOIndia @DelhiPolice #unlock4guidelines
— DCP New Delhi (@DCPNewDelhi) October 1, 2020
ഹത്രസിൽ 19കാരി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് ഇന്ത്യാ ഗേറ്റിന് മുമ്പിൽ വിവിധ സംഘടനകൾ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യാ ഗേറ്റ് പരിസരത്ത് 144 പ്രഖ്യാപിച്ചിരിക്കുന്നത്. നിർഭയ സംഭവത്തോടാണ് രാജ്യം ഹത്രസിലെ പെൺകുട്ടി നേരിട്ട ക്രൂരതയെയും ഉപമിക്കുന്നത്. ജീവിച്ചിരുന്നപ്പോഴും മരണ ശേഷവും പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ബന്ധുക്കളുടെ സമ്മതം കൂടാതെ മൃതദേഹം സംസ്‌കരിച്ച ഉത്തർപ്രദേശ് പോലീസിന്റെ നടപടിയും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
ഇന്നലെ ഹത്രസ് പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശ് പോലീസ് കായികമായാണ് നേരിട്ടത്. പോലീസ് രാഹുൽ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ടിരുന്നു. പോലീസ് ലാത്തികൊണ്ട് മർദ്ദിച്ചതായും രാഹുൽ ആരോപിച്ചു.
Also Read: കര്‍ഷക പ്രക്ഷോഭം; ഹര്‍സിമ്രത് കൗറിനെ ചണ്ഡീഗഢില്‍ തടഞ്ഞു
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുലും ഹത്രസിലേക്ക് പുറപ്പെട്ടത്. എന്നാൽ വാഹനവ്യൂഹം പോലീസ് തടഞ്ഞതിനെ തുടർന്ന് ഹത്രസിലേക്ക് പ്രവർത്തകർക്കൊപ്പം രാഹുലും പ്രിയങ്കയും കാൽനടയായി പോകുകയായിരുന്നു. ഇതിനിടയിൽ യമുന ഹൈവേയിൽ വച്ച് പോലീസ് വീണ്ടും തടയാൻ ശ്രമിച്ചു. ഇതു വകവെക്കാതെ രാഹുൽ ഗാന്ധി വീണ്ടും മുന്നോട്ട് നീങ്ങി, ഉന്തും തള്ളുമുണ്ടായി.
Kerala News: കേന്ദ്രത്തിനും സിബിഐക്കും എതിരെ സിപിഎം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം
പോലീസ് രാഹുൽ ഗാന്ധിയെ തള്ളിവീഴ്‌ത്തി, മുന്നോട്ട് നീങ്ങാൻ അനുവദിച്ചില്ല. പ്രവർത്തകർക്കു നേരെ ലാത്തിചാർജ് നടത്തി. ഒരു ഭാഗത്ത് പോലീസ് ലാത്തിചാർജ് നടത്തുമ്പോഴും രാഹുലും പ്രിയങ്കയും മുന്നോട്ട് പോയികൊണ്ടിരുന്നു. ഒടുവിൽ ഇരുവരേയും പോലീസ് പ്രതിരോധ കസ്‌റ്റഡിയിൽ എടുക്കുകയും പിന്നീട് അറസ്‌റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.