തിയേറ്ററുകൾ സഹകരിച്ചില്ലെങ്കിൽ ‘മിഷൻ സി’യും ഒടിടിയിലേക്ക്; നിർമാതാവ് മുല്ലഷാജി

ഇപ്പോൾ 'മിഷൻ സി' കളിക്കുന്ന 15ൽ താഴെ തിയേറ്ററുകളിൽ 8ൽ കൂടുതലും മലബാറിലാണ്. ഇവരിൽ പലരും ചെറിയ നഷ്‌ടങ്ങൾ സഹിച്ചാണെങ്കിലും സിനിമ ഓടിക്കുന്നുണ്ട്. ലിബർട്ടി ബഷീർ ഉൾപ്പടെയുള്ള പ്രമുഖരും ഇതിലുണ്ട് എന്നത് ആശ്വാസവും മാതൃകാപരവുമാണ്.

By Central Desk, Malabar News
Mulla Shaji _ Mission C Producer
'മിഷൻ സി' നിർമാതാവ് മുല്ല ഷാജി
Ajwa Travels

എം.സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിർമിച്ച ‘മിഷൻ സി’ പതിനഞ്ചിൽ താഴെ തിയേറ്ററുകളിൽ മാത്രമാണ് ഇപ്പോൾ കളിക്കുന്നത്. 45 തിയേറ്ററുകൾ പ്രഖ്യാപിച്ച് പരസ്യം ഉൾപ്പടെയുള്ള പ്രചരണ പിന്തുണ നൽകിയ സിനിമക്ക് തിയേറ്ററുകളിൽ ആളുകൾ ചെല്ലുമ്പോഴാണ് അറിയുന്നത് ‘മിഷൻ സി’ ഓടുന്നില്ല എന്നത്.

പല പ്രേക്ഷകരും ഈ അനുഭവം സമൂഹ മാദ്ധ്യമങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്. പ്രേക്ഷകരോട് തിയേറ്റർ ഉടമകൾ കാണിക്കുന്ന ഈ അനീതി ഒടിടിയുടെ വളർച്ചക്കുള്ള വളമാണ് എന്നത് ഭൂരിപക്ഷം തിയേറ്റർ ഉടമകളും മനസിലാക്കുന്നില്ല. ഇപ്പോൾ കളിക്കുന്ന തിയേറ്ററുകളിൽ തന്നെ പലതിലും ‘ഗ്യാപ് ഫില്ലർ’ ആയാണ് സിനിമ ഓടിക്കുന്നത്. ആളുകൾ കൂടുതൽ കയറുന്ന ‘ഷോ ടൈമിൽ’ അല്ല കളിക്കുന്നത്. ഈ സമയങ്ങളിൽ ഇംഗ്ളീഷ് / തമിൾ സിനിമകളാണ് തിയേറ്ററിൽ ഓടുന്നത്; സിനിമയുടെ നിർമാതാവ് മുല്ല ഷാജി പറഞ്ഞു.

ചെറുസിനിമകൾക്ക് വിജയിക്കാൻ തിയേറ്ററുകൾ മനസറിഞ്ഞ സഹകരണം നൽകണം. ‘കോർപറേറ്റ് ലോബി’ അല്ലാത്ത ഞങ്ങളെ പോലുള്ള ഒറ്റപ്പെട്ട നിർമാതാക്കൾക്ക് ഇവിടെ സിനിമ ചെയ്യണമെങ്കിൽ തിയേറ്ററുകൾ സഹകരിക്കാതെ എങ്ങനെ സാധിക്കും?; ഇദ്ദേഹം ചോദിക്കുന്നു. ഇപ്പോൾ ‘മിഷൻ സി’ കളിക്കുന്ന 15ൽ താഴെ തിയേറ്ററുകളിൽ 8ൽ കൂടുതലും മലബാറിലാണ്. ഇവരിൽ പലരും ചെറിയ നഷ്‌ടങ്ങൾ സഹിച്ചാണെങ്കിലും സിനിമ ഓടിക്കുന്നുണ്ട്.

ലിബർട്ടി ബഷീർ ഉൾപ്പടെയുള്ള പ്രമുഖരും ഇതിലുണ്ട് എന്നത് ആശ്വാസവും മാതൃകാപരവുമാണ്. പക്ഷെ, ഇതുകൊണ്ട് മാത്രം ചെറുസിനിമകൾക്ക് വ്യാപകമായ ശ്രദ്ധ ലഭിക്കില്ല. സിനിമ ഏറ്റവും കുറഞ്ഞത് ഒരു മൂന്നോ നാലോ ദിവസമെങ്കിലും ആളുകൾ കയറുന്ന ഫസ്‌റ്റും സെക്കൻഡും ഷോകൾ കളിച്ചാലല്ലേ പ്രേക്ഷകാഭിപ്രായം ജനങ്ങൾ ഏറ്റെടുത്ത് തിയേറ്ററിലേക്ക് കൂടുതൽ ആളുകൾ വരൂ; നിർമാതാവ് മുല്ലഷാജി ചൂണ്ടികാട്ടി.

Mission C poster

വിവിധ റേറ്റിങ് ഏജൻസികളും പ്രിവ്യുകണ്ട ജോഷി സാറും പത്‌മകുമാർ, അജയ്‌വാസുദേവ് തുടങ്ങിയ പ്രമുഖരും നല്ല അഭിപ്രായം നൽകിയ സിനിമയാണിത്. പക്ഷെ, പ്രേക്ഷകർക്ക് ആസ്വദിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സാവകാശം ഉണ്ടായാൽ മാത്രമേ സിനിമക്ക് കൂടുതൽ ആളുകൾ തിയേറ്ററിലേക്ക് വരൂ; മുല്ല ഷാജി പറഞ്ഞു.

Mulla Shaji At Shooting Location _ Mission C Producer
അഭിനേതാക്കൾക്കൊപ്പം മുല്ലഷാജി ചിത്രീകരണ സ്‌ഥലത്ത്‌

‘രണ്ടുമാസം മുൻപ് സെൻസറിംഗ് കഴിഞ്ഞ ഈ സിനിമ ഒടിടിയിലേക്ക് ആവശ്യപ്പെട്ട് വിവിധ ബ്രോക്കർമാരും ഏജൻസികളും ബന്ധപ്പെട്ടതാണ്. അവരെയെല്ലാം നിരാശരാക്കി ഞാൻ തിയേറ്റർ തുറക്കാൻ കാത്തിരുന്നത് ഈ സിനിമ തിയേറ്ററിൽ ജനങ്ങൾ കാണുന്നത് അനുഭവിക്കാനുള്ള ആത്‌മാർഥമായ ആഗ്രഹം കൊണ്ടാണ്. കാരണം ഇതെന്റെ ആദ്യ സിനിമയാണ്. 13 ലക്ഷത്തിലധികം ആളുകൾ ആസ്വദിച്ച നല്ല പാട്ടുകളും നല്ല രംഗങ്ങളുമൊക്കെയുള്ള നല്ല സിനിമയാണ്. തിയേറ്ററിൽ കാണേണ്ട സിനിമയുമാണ്. അതുകൊണ്ടാണ് തിയേറ്റർ തുറക്കാനായി കാത്തിരുന്നത്. പക്ഷെ ഇപ്പോഴത്തെ പലരുടെയും നിസഹകരണത്തിൽ ദുഖമുണ്ട്.’ – മുല്ല ഷാജി പറഞ്ഞു.

mission c release theatre list
‘മിഷൻ സി’ റിലീസ് ഉറപ്പിച്ചിരുന്ന തിയേറ്റർ ലിസ്‌റ്റ്

സിനിമ ഇപ്പോൾ പിൻവലിച്ച് പിന്നീട് റിലീസ് ചെയ്യാം എന്ന സംവിധായകന്റെ അഭ്യർഥന കേൾക്കാത്തതല്ല. ചിത്രം പിൻവലിക്കും മുൻപ് പറയാനുള്ളത് പറയണമല്ലോ. അത് കൊണ്ടാണ് പിൻവലിക്കാതിരുന്നത്. ഇപ്പോഴും ഞാൻ പ്രതീക്ഷയിലാണ്. കാരണം തിയേറ്ററുകൾ നല്ല രീതിയിൽ സഹകരിച്ചാൽ തീർച്ചയായും ‘മിഷൻ സി’ വിജയിക്കും. പ്രേക്ഷകന് ആസ്വദിക്കാനുള്ള എല്ലാമുള്ള സിനിമയാണിത്. തിയേറ്ററുകൾ സഹകരിച്ചാൽ ഉറപ്പായും ‘മിഷൻ സി’ കൂടുതൽ പ്രേക്ഷകർക്ക് തിയേറ്ററിൽ കാണാം. അല്ലാത്ത പക്ഷം എനിക്കും ഒടിടിയല്ലാതെ വേറെ നിർവാഹമില്ല; ഷാജി തന്റെ നിലപാട് വ്യക്‌തമാക്കി.

Mulla Shaji and Kailash
മുല്ല ഷാജി കൈലാഷിനൊപ്പം ചിത്രീകരണ വേളയിൽ

Most Read: ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE