ജലജന്യ രോഗങ്ങളെ അകറ്റി നിർത്താൻ കർശന ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കാലവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. വ്യക്‌തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്‌, കോളറ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.

വേനല്‍ക്കാലത്തും തുടര്‍ന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട് ചെയ്യുന്നത്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. കോവിഡ് കാലത്ത് ജലജന്യ രോഗങ്ങള്‍ പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഫലപ്രദമായ കൈകഴുകല്‍, ജലജന്യ രോഗങ്ങളേയും പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്. ആരോഗ്യവകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്‌ടപ്പെടുത്തും. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ യഥാസമയം ചികിൽസ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവന് തന്നെ ഇത് ഭീഷണിയാകും. ഈ സമയങ്ങളിൽ കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.

90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടിലെ പാനീയ ചികിൽസ കൊണ്ട് തന്നെ ഭേദമാക്കാന്‍ സാധിക്കും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിൽസക്ക് ഉപയോഗിക്കാവുന്നതാണ്. ഛര്‍ദിച്ചോ, വയറിളകിയോ പോയാലും വീണ്ടും പാനീയം നല്‍കേണ്ടതാണ്. പാനീയ ചികിൽസ കൊണ്ട് നിര്‍ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറക്കാന്‍ സാധിക്കും.

ഇതിനൊപ്പം തന്നെ ഡോക്‌ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആര്‍എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒആര്‍എസ് ലായനി നല്‍കണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നല്‍കേണ്ടതാണ്. ഒആര്‍എസ് പായ്‌ക്കറ്റുകൾ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലും ഉപകേന്ദ്രത്തിലും അങ്കണവാടികളിലും സൗജന്യമായി ലഭിക്കും. പാനീയ ചികിൽസ നടത്തിയിട്ടും രോഗലക്ഷണങ്ങള്‍ക്ക് മാറ്റമില്ലെങ്കില്‍ രോഗിയെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ഉടൻ തന്നെ എത്തിക്കേണ്ടതാണ്.

ടൈഫോയ്‌ഡ്‌

ജലം, ഭക്ഷണം എന്നിവയിലൂടെ പകരുന്ന മറ്റൊരു രോഗമാണ് ടൈഫോയിഡ്. കഠിനമായ പനി, തലവേദന, നടുവേദന, മൂക്കില്‍നിന്നും കണ്ണില്‍നിന്നും വെള്ളം വരിക, ശരീരത്തിന് തളര്‍ച്ച, മലബന്ധം തുടങ്ങിയവയാണ് ടൈഫോയ്‌ഡിന്റെ രോഗ ലക്ഷണങ്ങള്‍.

മഞ്ഞപ്പിത്തം

വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്‌മ ജീവികളുണ്ടാക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. പനി, വിശപ്പില്ലായ്‌മ , ഓക്കാനം , ഛര്‍ദി , കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണയായി മഞ്ഞപ്പിത്തത്തിന് ഉണ്ടാകുന്ന ലക്ഷണങ്ങള്‍.

പ്രതിരോധ മാര്‍ഗങ്ങള്‍

തുറസായ സ്‌ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. കൈകള്‍ ആഹാരത്തിന് മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ച് വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ളോറിനേറ്റ് ചെയ്യുക. വ്യക്‌തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ളോറിനേറ്റ് ചെയ്‌ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് ഇത്തരം ജലജന്യ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ മാർഗങ്ങൾ.

Read also : കേരളത്തില്‍ ജൂണ്‍ ആദ്യവാരം കാലവര്‍ഷം എത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE