അറസ്‌റ്റിലായ ശേഷം സ്‌റ്റാൻ സ്വാമിയെ ചോദ്യം ചെയ്‌തിട്ടില്ല; അഭിഭാഷകന്റെ വെളിപ്പെടുത്തൽ

By News Desk, Malabar News
NIA did not interrogate Stan Swamy even once after he was arrested, says his lawyer
Ajwa Travels

മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയെ കസ്‌റ്റഡിയില്‍ കഴിയുന്ന ഒരുദിവസം പോലും എന്‍ഐഎ ചോദ്യം ചെയ്‌തിട്ടില്ലെന്ന് അഭിഭാഷകന്‍. 2020 ഒക്‌ടോബർ മാസത്തില്‍ മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്‌റ്റ്‌ ചെയ്യപ്പെട്ടതിന് ശേഷം മരണപ്പെടുന്നതുവരെ എന്‍ഐഎ സ്‌റ്റാൻ സ്വാമിയെ ചോദ്യം ചെയ്‌തിട്ടേയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തുന്നത്.

എന്‍ഐഎക്ക് എന്തെങ്കിലും ചോദിക്കാനുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് സ്‌റ്റാൻ സ്വാമിയെ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാമായിരുന്നു. അവര്‍ ഒരിക്കലും അങ്ങനെ ചെയ്‌തിട്ടില്ല. അദ്ദേഹത്തോട് എന്‍ഐഎക്ക് ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല എന്നും അഭിഭാഷകന്‍ പറയുന്നു. സ്‌റ്റാൻ സ്വാമിയുടെ അഭിഭാഷകനായിരുന്ന അഡ്വ.മിഹിര്‍ ദേശായി ന്യൂസ് മിനിറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അറസ്‌റ്റ്‌ ചെയ്യുന്നതിന് മുന്‍പ് ചോദ്യം ചെയ്യല്‍ നടന്നിട്ടുണ്ടെന്നും പിന്നീട് ഒന്നും ചോദിക്കാതെ സ്‌റ്റാൻ സ്വാമിയെ വെറുതെ തടവിലാക്കുകയായിരുന്നു എന്നും മിഹിർ ദേശായി പറയുന്നു. ആരോഗ്യനില മോശമായതിനാല്‍ വെള്ളം കുടിക്കാൻ സ്‌ട്രോ വേണമെന്ന ആവശ്യം പോലും തള്ളിയ അവര്‍ സ്‌റ്റാൻ സ്വാമി അക്രമങ്ങളുടെ സൂത്രധാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും ഇദ്ദേഹം ആരോപിച്ചു.

മെയ് 30 മുതല്‍ ബാന്ദ്ര ഹോളിഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു സ്‌റ്റാൻ സ്വാമി. കഴിഞ്ഞ ഞായറാഴ്‌ചയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മരണവിവരം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. മുംബൈ ഹൈക്കോടതി സ്‌റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.

2018 ജനുവരി 1നാണ് പുനെയിലെ ഭീമ കൊറഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്‌റ്റ് ബന്ധമാരോപിച്ച് ഫാ. സ്‌റ്റാൻ സ്വാമി ഉള്‍പ്പടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്‌റ്റ്‌ ചെയ്‌തത്‌. ജയിലില്‍ തുടരുന്നതിനിടെ കോടതി ഇടപെടലിനെ തുടര്‍ന്ന് മെയ് 28ന് സ്‌റ്റാൻ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാനും കോടതി അനുവദിച്ചിരുന്നു. ഇതിനിടെയാണ് ആരോഗ്യ നില മോശമായതും മരണം സംഭവിച്ചതും. ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്‌റ്റാൻ സ്വാമി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യം നല്‍കിയില്ലെങ്കില്‍ താന്‍ ജയിലില്‍ കിടന്ന് മരിക്കുമെന്ന് നേരത്തെ സ്‌റ്റാൻ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു.

ഇദ്ദേഹത്തിന്റെ മരണം ഭരണകൂടത്തിന്റെ കൊലപാതകമെന്ന് തന്നെ പറയാമെന്ന് രാഷ്‌ട്രീയ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഉറപ്പിച്ച് പറയുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഇതിനോടകം നിരവധി പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സഹതടവുകാർ തലോജ ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു.

സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും എൻഐഎക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

Also Read: ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE