ഓൺലൈൻ ഷോപ്പിങ്; സമ്മാനങ്ങൾ വാഗ്‌ദാനം ചെയ്‌ത്‌ വ്യാപക തട്ടിപ്പ്; ജാഗ്രത

By News Desk, Malabar News
Online shopping fraud kerala
Representational Image
Ajwa Travels

കൊച്ചി: ഓൺലൈൻ ആപ്പുകൾ വഴിയും സൈറ്റുകൾ വഴിയുമുള്ള പലരീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾ പതിവ് കാഴ്‌ചയാകുകയാണ്. അടുത്ത കാലത്തായി ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ് വ്യാപകമായിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസും രംഗത്തെത്തി. തട്ടിപ്പിൽ മലയാളികൾക്ക് കൂടി പങ്കുണ്ടെന്ന് വ്യക്‌തമാക്കുന്ന തെളിവുകളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

തട്ടിപ്പ് എങ്ങനെ?

കോവിഡ് പ്രതിസന്ധി കാരണം ആളുകൾ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളെ കൂടുതലായി ആശ്രയിക്കുന്നത് മുതലെടുത്താണ് തട്ടിപ്പ്. പ്രമുഖ ഓൺലൈൻ സൈറ്റുകളിൽ നിന്ന് എന്തെങ്കിലും സാധനം വാങ്ങിയാൽ തൊട്ടടുത്ത ദിവസം ഫോണിലേക്ക് ഒരു കോൾ വരും. നിങ്ങൾ നറുക്കെടുപ്പിൽ വിജയിയാണെന്ന് അറിയിച്ചാണ് തട്ടിപ്പിന്റെ ആരംഭം.

ഓൺലൈനിൽ ഓർഡർ ചെയ്‌ത സാധനങ്ങൾ ഡെലിവറി ചെയ്യുന്നതോടെയാണ് തട്ടിപ്പുകാരുടെ വിളി എത്തുക. മുമ്പ് ഇംഗ്‍ളീഷിലായിരുന്നു കോളുകൾ വന്നിരുന്നതെങ്കിൽ ഇന്ന് മലയാളികളാണ് വിളിക്കുന്നത്. കൂടുതലും സ്‌ത്രീകൾ. വാങ്ങിയ സാധനങ്ങളുടെ വിവരങ്ങൾ തിരക്കുന്ന ഇവർ തൊട്ടടുത്ത ദിവസങ്ങളിൽ വീണ്ടും വിളിക്കും.

രണ്ടാമത്തെ വിളിയിൽ നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് മെഗാ ബമ്പർ സമ്മാനം ലഭിച്ചു എന്നാകും അറിയിപ്പ്. ഫെസ്‌റ്റിവൽ സീസണുകളിൽ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ സമ്മാനം നൽകുന്നതിനാൽ കൂടുതലൊന്നും ചിന്തിക്കാതെ ഭൂരിഭാഗം ആളുകളും ഈ കുരുക്കിൽ വീഴുകയാണ് പതിവ്. ഇര കുടുങ്ങിയെന്ന് ഉറപ്പായാൽ തട്ടിപ്പുകാർ കുരുക്ക് കൂടുതൽ മുറുക്കും.

സമ്മാനം വേണ്ടെങ്കിൽ അതിന്റെ പണം നൽകാമെന്നും തട്ടിപ്പുകാർ വിശ്വസിപ്പിക്കും. ഇത് സമ്മതിക്കുന്നതോടെ നേരിട്ട് വന്നാൽ പണം കൈമാറാം എന്നാകും തട്ടിപ്പിന്റെ അടുത്ത ഘട്ടം. പണം നൽകാനായി അന്യസംസ്‌ഥാനങ്ങളിലേക്ക് എത്താനാകും ആവശ്യപ്പെടുക. കേരളത്തിൽ പണം എത്തിക്കണമെങ്കിൽ പ്രത്യേക ഫീസ് നൽകണമെന്നും പറയും.

ഇതിന് തയാറാകുന്നതോടെ ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്ന പേരിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെയുള്ളവ തട്ടിപ്പുകാർ കൈക്കലാക്കും. പിന്നീട്, ഇൻഷുറൻസ്, ടാക്‌സ്‌ എന്ന പേരിൽ പല ഘട്ടങ്ങളായി പണം തട്ടും.

പോലീസിന്റെ മുന്നറിയിപ്പ്:-

ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് രംഗത്തെത്തിയിരുന്നു. പണം തട്ടുന്നതിന് ആളുകൾ വിളിക്കുന്ന രീതിയുടെ ഉദാഹരണ സഹിതമാണ് സംഭവത്തിന്റെ ഗൗരവം പോലീസ് ചൂണ്ടിക്കാട്ടിയത്.

സൈറ്റുകൾ വാഗ്‌ദാനം ചെയ്യുന്ന സമ്മാനങ്ങൾ ലഭിക്കാനായി തുക നൽകിയാൽ നമ്മുടെ പണം നഷ്‌ടപ്പെടുമെന്ന് പോലീസ് മുന്നറിപ്പ് നൽകി. ജനങ്ങൾ ഇത്തരം സാമ്പത്തിക തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്നും പോലീസ് അധികൃതർ അറിയിച്ചു.

Also Read: വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ്; മലപ്പുറത്തെ 2 സ്‌കൂളുകൾ അടച്ചുപൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE