തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തടവുകാർക്ക് 2 ആഴ്‌ചത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകി. ഈ വർഷം പരോളിന് അർഹത ഉള്ളവർക്കും, പരോളിന് പോകാൻ ആഗ്രഹമുള്ളവർക്കും പരോൾ അനുവദിക്കും. അതേസമയം തന്നെ പരോളിന് പോകാൻ താൽപര്യം ഇല്ലാത്തവർക്ക് ജയിലിൽ തന്നെ തുടരാമെന്നും അധികൃതർ അറിയിച്ചു.
ജയിലിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യം ഒഴിവാക്കാനായി തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് സർക്കാരിനോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ ആഭ്യന്തരവകുപ്പ് അനുമതി നൽകിയിരിക്കുന്നത്. 6000ത്തോളം തടവുകാരാണ് നിലവിൽ സംസ്‌ഥാനത്ത് വിവിധ ജയിലുകളിലായി കഴിയുന്നത്. ഇവരിൽ അർഹത ഉള്ളവർക്കും, താൽപര്യം ഉള്ളവർക്കുമാണ് പരോൾ അനുവദിക്കുക.
കഴിഞ്ഞ ലോക്ക്ഡൗൺ സമയത്തും സംസ്‌ഥാനത്ത് തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. ആദ്യം 15 ദിവസത്തേക്ക് അനുവദിച്ച പരോൾ പിന്നീട് 60 ദിവസമായി ഉയർത്തിയിരുന്നു. പരോളിൽ ഇറങ്ങുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ റിപ്പോർട് ചെയ്യണം. കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ കഴിയണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : ഏപ്രിലിൽ 2.83 ലക്ഷം ഇരുചക്ര വാഹനങ്ങളുടെ വിൽപന നടത്തി ഹോണ്ട