പാലക്കാട്: കോവിഡ് മഹാമാരിയുടെ ഭീകരത ആരോഗ്യ പ്രവർത്തകരും സർക്കാരും പോലീസും നിരന്തരം ഓർമിപ്പിക്കുമ്പോഴും അലസത തുടർന്ന് ജനം. ഒന്നര വർഷത്തിലേറെയായി കോവിഡ് തീർത്ത പ്രതിസന്ധിയിൽപെട്ട് ഉഴലുമ്പോഴും സ്വയം സുരക്ഷിതനായി ഇരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ പോലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പലരും തയ്യാറാകുന്നില്ല.
കോവിഡ് ജാഗ്രതാ പോർട്ടലിലെ കണക്കുപ്രകാരം രണ്ടാം തരംഗം തുടങ്ങിയ ഏപ്രിൽ മുതൽ ജൂൺ വരെ ജില്ലയിലെ സെക്‌ടറൽ മജിസ്‌ട്രേറ്റുമാർ മുഖാന്തരം 1.8 ലക്ഷം കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ മാസ്‌ക് ശരിയായി ധരിക്കാത്തവരാണ് കൂടുതൽ. 1.64 ലക്ഷം കേസുകളാണ് മാസ്‌ക് ധരിക്കാത്തതിന് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെന്ന് കോവിഡ് ജാഗ്രതാ പോർട്ടലിലെ കണക്കുകൾ വ്യക്‌തമാക്കുന്നു.
സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെ നിബന്ധന ലംഘിച്ചും പ്രവർത്തിച്ച 7006 വ്യാപാര സ്‌ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു. റോഡിൽ തുപ്പിയതിന് 957 പേർക്കെതിരെയും നടപടിയെടുത്തു. സാമൂഹികാകലം പാലിക്കാത്ത 2185 സംഭവങ്ങളും അതീവ ജാഗ്രത പാലിക്കേണ്ട ഈ സമയത്ത് കണ്ടെത്തി.
കോവിഡ് മൂന്നാം തരംഗ സാധ്യത പ്രവചിക്കുന്ന കാലത്ത് ഇനിയും ജാഗ്രത കുറയുന്നത് വലിയ ദുരന്തത്തിന് കാരണമാകും. കഴിഞ്ഞയാഴ്‌ച സംസ്‌ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്ന ജില്ലയാണ് പാലക്കാട്. ഇപ്പോൾ പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ എത്തിയെങ്കിലും ജാഗ്രത കൈവിടാറായിട്ടില്ല.
ഇത്രയൊക്കെ മുന്നറിയിപ്പ് നൽകിയിട്ടും രോഗത്തിന്റെ ഭീകരത നേരിൽ ബോധ്യപ്പെട്ടിട്ടും മാസ്‌ക് ധരിക്കാതെ എത്തുന്നവരും ജില്ലയിലുണ്ടെന്ന് സെക്‌ടറൽ മജിസ്‌ട്രേറ്റ് ചുമതലയുള്ളവർ പറയുന്നു. ഗ്രാമങ്ങളിൽ ഉള്ളവരാണ് പലപ്പോഴും നിയന്ത്രണങ്ങളെ ലാഘവത്തോടെ കാണുന്നത്.
ചില ഗ്രാമപ്രദേശങ്ങളിൽ വൈകുന്നേരങ്ങളിൽ യുവാക്കൾ കൂട്ടംകൂടി നിൽക്കുന്ന കാഴ്‌ച പതിവാണ്. പോലീസിന്റെയോ മറ്റോ വാഹനം കാണുമ്പോൾ പല വഴി ഓടുന്നതും സ്‌ഥിരം കാഴ്‌ചയാണെന്നും സെക്‌ടറൽ മജിസ്‌ട്രേറ്റുമാർ പറഞ്ഞു.
Malabar News: കോവിഡ് വാക്‌സിനേഷൻ; രണ്ടാം ഡോസിന് ഹജ്‌ജ് അപേക്ഷകർ രജിസ്‌റ്റർ ചെയ്യണം