തിരുവനന്തപുരം: മരം മുറിക്കലിനെതിരെ ആറ്റിങ്ങൽ നഗരസഭാ കവാടത്തിൽ നടത്തിയ സമരം ഒടുക്കം ബിജെപിക്ക് തന്നെ പുലിവാലായി. സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡുമായി വനിതാ പ്രവർത്തക നിന്നതാണ് ബിജെപിക്ക് തലവേദനയായത്. ‘പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക- ഡിവൈഎഫ്ഐ’ എന്നെഴുതിയ പ്ളക്കാർഡ് ആണ് വനിതാ പ്രവർത്തക പിടിച്ചിരുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വെട്ടിലായിരിക്കുകയാണ് ബിജെപി നേതൃത്വം.
മരംമുറി വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരിന് എതിരെയായിരുന്നു ബിജെപിയുടെ പ്രതിഷേധം. എന്നാല്‍, ഒറ്റ പ്ളക്കാർഡോടെ അത് ഇന്ധനവിലയില്‍ കേന്ദ്രത്തിനെതിരെയുളള സമരമായി മാറി. സംഭവം മാദ്ധ്യമ പ്രവര്‍ത്തകരും കാഴ്‌ചക്കാരും ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അമളി പിണഞ്ഞ കാര്യം സമരക്കാര്‍ക്ക് ബോധ്യപ്പെട്ടത്.
തലേദിവസം ഇന്ധനവിലക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ സമരത്തിന്റെ പ്ളക്കാർഡ് പ്രവര്‍ത്തകര്‍ നഗരസഭാ മതിലില്‍ ചാരിവെച്ചിരുന്നു. പിറ്റേന്ന് സമരത്തിനെത്തിയ ബിജെപി പ്രവര്‍ത്തക പ്ളക്കാർഡ് മാറിയെടുത്തതാണ് അബദ്ധത്തിനു വഴിയൊരുക്കിയത് എന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മുന്‍ മന്ത്രി തോമസ് ഐസക് രംഗത്തെത്തി. ‘പെട്രോള്‍ വിലയിൽ പ്രതിഷേധിക്കുക’ എന്ന പ്ളക്കാർഡ് ഉയര്‍ത്തിയ കുട്ടിയെ ട്രോളുന്നതില്‍ അർഥമില്ല, ബിജെപിക്കാരുടെ ഉള്ളിലെ പ്രതിഷേധമാണ് ഉയര്‍ത്തിയതെന്ന് ഐസക് പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;
വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്‌റ്റിനുശേഷം ഇതും കിടക്കട്ടെ…
ആറ്റിങ്ങലില്‍ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയില്‍ ഡിവൈഎഫ്‌ഐയുടെ പ്ളക്കാർഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാന്‍ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്‌ഐയുടെ ഒരു പ്ളക്കാർഡ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് നൂറു തരം.
പക്ഷേ, ഇവിടെ പെട്രോള്‍ വില വർധനക്ക് എതിരെയാണ് പ്ളക്കാർഡ്. ഈ പ്ളക്കാർഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതില്‍ ആ പ്രവര്‍ത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.
ആ കുട്ടിയെ ട്രോളുന്നതില്‍ അർഥമില്ല. പെട്രോള്‍ വില വർധനക്ക് എതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. അല്ലെങ്കില്‍ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
Most Read: ആരോഗ്യ സർവകലാശാല; പരീക്ഷക്ക് മുൻപ് ആന്റിജൻ ടെസ്‌റ്റ് നിർബന്ധമാക്കി