മതിൽക്കെട്ടിന് പുറത്തുള്ള ലോകത്തേക്ക് അമ്മമാരെ സ്വാഗതം ചെയ്യാം; മാതൃദിനാശംസ നേർന്ന് മുഖ്യമന്ത്രി

By Desk Reporter, Malabar News
pinarayi vijayan
Ajwa Travels

തിരുവനന്തപുരം: ശക്‌തമായ സന്ദേശവുമായി മാതൃദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “ഈ മാതൃദിനത്തിൽ, വീടിന്റെ മതിൽക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാം. മറ്റൊരാളുടെ നൻമക്ക് വേണ്ടി സ്വയം ത്യജിക്കാൻ സന്നദ്ധരായ അമ്മമാരായി എല്ലാവർക്കും മാറാം,”- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ രൂപം;

മറ്റുള്ളവർക്കു വേണ്ടി ത്യാഗം ചെയ്യേണ്ടവൾ എന്നതാണ് അമ്മയെക്കുറിച്ച് സമൂഹം പേറുന്ന പൊതുസങ്കൽപം. ജൻമിത്വ സംസ്‌കാരത്തിന്റെ ശേഷിപ്പുകൾ നിലനിൽക്കുന്ന പുരുഷാധികാര സമൂഹമാണ് നമ്മുടേത്. ലിംഗപരമായ അസമത്വത്തെ ചൂഷണം ചെയ്‌ത്‌ ലാഭം കൊയ്യുന്ന മുതലാളിത്തമാണ് ഇവിടുള്ളത്. ഇവ തീർക്കുന്ന യാഥാസ്‌ഥിതികമായ മൂല്യബോധങ്ങളിൽ നിന്നാണ് മേൽപറഞ്ഞ മാതൃ സങ്കൽപം ഉരുത്തിരിയുന്നത്.

ഈ യാഥാസ്‌ഥിതിക സങ്കൽപത്തിന്റെ മഹത്വവൽക്കരണം സ്‌ത്രീയുടെ സ്വാശ്രയത്വത്തേയും സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള ഉപാധിയായി മാറുകയാണ്. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങളായാലും, സ്‌ത്രീക്കും പുരുഷനും തുല്യ പങ്കാണ് ഉണ്ടാകേണ്ടത്. ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുത്.

നമ്മെ നയിക്കുന്ന നീതിശൂന്യമായ ബോധത്തെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വന്തം കാഴ്‌ചപ്പാടുകളേയും ശീലങ്ങളേയും തിരുത്തുക എന്നത് അത്യധികം ശ്രമകരമായ കാര്യമാണ്. ഇടതുപക്ഷം മുന്നോട്ടു വെക്കുന്ന സ്‌ത്രീ-പുരുഷ സമത്വത്തിന്റെ ഉദാത്ത കാഴ്‌ചപ്പാടുകൾ സ്വജീവിതങ്ങളിൽ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്ന രാഷ്‌ട്രീയ പ്രവർത്തനം പ്രധാന ഉത്തരവാദിത്വമായി നമുക്ക് ഏറ്റെടുക്കാം.

ഈ മാതൃദിനത്തിൽ, വീടിന്റെ മതിൽക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാം. മറ്റൊരാളുടെ നൻമക്ക് വേണ്ടി സ്വയം ത്യജിക്കാൻ സന്നദ്ധരായ അമ്മമാരായി എല്ലാവർക്കും മാറാം. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയെ മറികടന്ന് നവകേരളത്തിലേക്ക് മുന്നേറാൻ ആ ത്യാഗസന്നദ്ധത നമുക്ക് ഊർജമാകട്ടെ. എല്ലാവർക്കും ഹൃദയപൂർവ്വം മാതൃദിന ആശംസകൾ നേരുന്നു.

Also Read:  കവി സച്ചിദാനന്ദന്റെ അക്കൗണ്ട് വിലക്കിയ സംഭവം; ഫേസ്ബുക്കിനെ വിമര്‍ശിച്ച് തരൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE