കിഫ്ബിയെ തകർക്കാൻ ആസൂത്രിത നീക്കം; അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ സിഎജിയും; മുഖ്യമന്ത്രി

By News Desk, Malabar News
CM About KIIFB
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: കിഫ്‌ബി വിവാദങ്ങളിൽ ശക്‌തമായി പ്രതികരിച്ച് മുഖ്യമന്ത്രി. കിഫ്ബിയെ തകർക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് സംസ്‌ഥാനം അംഗീകരിക്കില്ലെന്നും വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി മാത്രമേ അതിനെ കാണാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ ഉണ്ടാകാറില്ല. അങ്ങനെ സംഭവിച്ചത് കേരളത്തിലെ വികസന പ്രവർത്തനങ്ങളെയും അതിന് നേതൃത്വം കൊടുക്കുന്ന സർക്കാരിനെയും അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറയുന്നു. അന്വേഷണ ഏജൻസികൾക്കൊപ്പം സിഎജിയും ചേർന്നിരിക്കുന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്‌തമാകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

കിഫ്‌ബി 1999ൽ അന്നത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്‌ഥാപിതമായ ഒന്നാണ്. അന്ന് മുതൽ 2016 വരെ കിഫ്‌ബി മൂന്ന് തവണ ധനസമാഹരണം നടത്തിയിട്ടുണ്ട്. രണ്ട് തവണ യുഡിഎഫ് സർക്കാരിന്റെ കാലത്തും ഒരു തവണ എൽഡിഎഫ് സർക്കാരിന്റെ കാലത്തുമാണ് ധനസമാഹരണം നടന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉയർന്ന പലിശയിൽ കടമെടുത്ത തുക സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കായി വകമാറി. അതുകൊണ്ട് കിഫ്‌ബി വഴി നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതികളൊന്നും നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ഇപ്പോൾ കിഫ്‌ബി സി ആൻഡ് എജി ഓഡിറ്റിന് വിധേയമായിട്ടുള്ള സ്‌ഥാപനമാണ്. ഇത് സംബന്ധിച്ച മറ്റ് പ്രചാരണങ്ങളെല്ലാം വ്യാജമാണ്. സിഎജിയുടെ അധികാരം നിർണയിക്കുന്ന നിയമം നിലവിലുണ്ട്. ഒരു സ്‌ഥാപനം അതിന്റെ വാർഷിക ചെലവിന്റെ 75 ശതമാനം അതായത് കുറഞ്ഞത് 25 ലക്ഷം രൂപ
സഹായമായി സർക്കാർ ഖജനാവിൽ നിന്ന് കിട്ടുന്നുവെങ്കിൽ പ്രസ്‌തുത നിയമ പ്രകാരം ആ സ്‌ഥാപനം സിഎജി ഓഡിറ്റിന് നിർബന്ധമായും വിധേയമാണ്. ആ സ്‌ഥാപനത്തിന്റെ എല്ലാ വരവുചെലവുകളും സിഎജിക്ക് ഓഡിറ്റ് ചെയ്യാം. നിയമപ്രകാരം കിഫ്‌ബി 4 തവണ ഓഡിറ്റിന് വിധേയമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

ഒരിക്കൽ തുടങ്ങിയാൽ ശതമാനക്കണക്കിൽ താഴെ പോയാലും അടുത്ത രണ്ട് വർഷത്തേക്ക് ഇതേ ഓഡിറ്റ് തുടരാം. ഇതിന് മുൻ‌കൂർ അനുവാദം നൽകിക്കൊണ്ട് സർക്കാർ നേരത്തെ തന്നെ സിഎജിക്ക് കത്ത് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഓഡിറ്റിന് ഒരു തടസവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രാഗൽഭ്യവും പ്രവർത്തന പരിചയവുമുള്ള സ്വതന്ത്ര അംഗങ്ങളുള്ളതാണ് കിഫ് ബോർഡ്. മുഖ്യമന്ത്രി ചെയർ പേഴ്‌സണും ധനകാര്യ മന്ത്രി വൈസ് ചെയർ പേഴ്‌സണും ആയ ബോർഡിൽ ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരും ഉൾപ്പെടുന്നു. ഇത്തരത്തിൽ ശക്‌തമായ നിയന്ത്രണ സംവിധാനമാണ് കിഫ്ബിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് പോലും ഓഡിറ്റിനുള്ള എല്ലാ സൗകര്യങ്ങളും സിഎജിക്ക് കിഫ്‌ബി ചെയ്‌ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: പോലീസ് ആക്‌ട് ഭേദഗതി പിന്‍വലിച്ചത് ആശങ്കകളും വിമര്‍ശനങ്ങളും കണക്കിലെടുത്ത്; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE