എറണാകുളം: നടൻ ജോജു ജോർജിന്റെ വാഹനം തല്ലി തകർത്ത ആളുകൾക്കെതിരെ കേസെടുത്ത് പോലീസ്. കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിൽ ജോജുവിന്റെ വാഹനം തകർത്തവർക്ക് എതിരെയും സംഘർഷം ഉണ്ടാക്കിയ കോൺഗ്രസ് നേതാക്കൾക്ക് എതിരേയുമാണ് പോലീസ് കേസെടുത്തത്. അതേസമയം വഴിതടയൽ സമരത്തിനെതിരെ ജോജുവിന്റെ ഇടപെടലിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും ചെയ്‌തു.
തൃശൂർ മാളയിൽ ഉള്ള ജോജുവിന്റെ വീട്ടിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. തുടർന്ന് വീടിന് മുന്നിൽ ബാരിക്കേഡുകൾ നിരത്തി പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിനെതിരെ സമരം നടത്തിയവരെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് ജോജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രതിഷേധക്കാര്‍ വ്യക്‌തമാക്കി.
ഇന്ന് രാവിലെയോടെയാണ് ഇടപ്പള്ളി-വൈറ്റില ദേശീയപാതയിൽ ഇന്ധന വില വർധനക്കെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വഴി തടയൽ സമരം നടത്തിയത്. തുടർന്ന് ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാർക്കെതിരെ ജോജു ജോർജ് രംഗത്തെത്തുകയും തുടർന്ന് വാക്കേറ്റം ഉണ്ടാകുകയും ചെയ്‌തു. ഇതിനിടെ സമരക്കാർ ജോജുവിന്റെ വാഹനം തല്ലി തകർക്കുകയും ചെയ്‌തു.
അതേസമയം മദ്യപിച്ചെത്തിയ ജോജു സമരം സംഘർഷത്തിലാക്കാൻ ശ്രമിച്ചെന്നും, മഹിളാ കോൺഗ്രസ് പ്രവർത്തകരോട് മോശമായി പെരുമാറിയെന്നും വ്യക്‌തമാക്കി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു. തുടർന്ന് പോലീസ് ജോജുവിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. എന്നാൽ പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് സ്‌ഥിരീകരിച്ചു.
Read also: മാനസ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു