മുസ്​ലിം സ്‌ത്രീകളുടെ സ്വത്തവകാശം: 7 സ്‌ത്രീകളുടെ അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചു

മുസ്​ലിം പിന്തുടർച്ചാവകാശ നിയമത്തെ ഭരണഘടനാപരമായി ചോദ്യം ചെയ്‌ത്‌ വിവിധ സംഘടനകൾ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ കേരളത്തിൽ നിന്നുള്ള 7 മുസ്‌ലിം സ്‌ത്രീകൾ കക്ഷിചേർന്നു.

By Trainee Reporter, Malabar News
Property Rights of Muslim Women
Representational image
Ajwa Travels

ഡെൽഹി: ശരീഅത്ത് നിയമത്തിന്റെ അടിസ്‌ഥാനത്തിലുള്ള സ്‌ത്രീകളുടെ സ്വത്തവകാശം ഭരണഘടനാപരമായി വിവേചനമാണെന്നും (Muslim Women Property Rights Malayalam) ഇത് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ഖുർആൻ സുന്നത്ത് സൊസൈറ്റി ഉൾപ്പടെ വ്യത്യസ്‌ത സംഘടനകൾ സുപ്രീംകോടതിയിൽ നൽകിയ സ്‌പെഷൽ ലീവ് പെറ്റീഷനിൽ കേരളത്തിൽ നിന്നുള്ള 7 മുസ്‌ലിം സ്‌ത്രീകൾ കക്ഷിചേർന്നു.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് പത്‌മനാഭൻ മുഖേന ഫയൽ ചെയ്‌ത അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി, ഏഴ് അപേക്ഷകർക്കും അവരുടെ വാദങ്ങൾ തെളിവുകൾ സഹിതം പരമോന്നത കോടതിക്കുമുന്നിൽ അവതരിപ്പിക്കാൻ അവസരം നൽകും.

ജീവിതത്തിന്റെ വിവിധഘട്ടങ്ങളിൽ സ്വത്തവകാശ വിവേചനം അനുഭവിച്ചവരാണ് കേസിൽ കക്ഷി ചേർന്നിരിക്കുന്ന ഈ 7 സ്‌ത്രീകളും. സഫിയ പിഎം, മിനിമോൾ എസ്, റൂബിയ സൈനുദ്ധീൻ, ബൾക്കീസ് ബാനു, ഷെബീന കെഎസ്, ഫാത്തിമ ആർവി, മുംതാസ് ടിഎം എന്നിവരുടെ അപേക്ഷകളാണ് സുപ്രീംകോടതി പരിഗണിച്ചത്.

2015 ജൂലൈയിൽ ഇസ്‌ലാമിക വ്യക്‌തി നിയമത്തിൽ ഇടപെടാനുള്ള നിയപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് ഹൈക്കോടതി തള്ളിയ കേസിലെ ഹരജിക്കാരാണ് പുതിയ കേസുമായി 2016ൽ സുപ്രീംകോടതിയിൽ എത്തിയത്. ആധുനിക മതേതര ജനാധിപത്യ ഭരണത്തിൽ യാഥാസ്‌ഥിതിക മതസങ്കൽപങ്ങളിലുള്ള നിയമങ്ങളല്ല പൗരാവകാശങ്ങളുടെ അടിസ്‌ഥാനമായി കാണേണ്ടതെന്നും അത് ഭരണഘടനപരമായാണ് കാണേണ്ടതെന്നും കേസിൽ കക്ഷിയായ സഫിയ പിഎം മലബാർ ന്യൂസിനോട് പറഞ്ഞു.

കേസിൽ കക്ഷിയായ, വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ റൂബിയ സൈനുദ്ധീൻ ഉൾപ്പടെയുള്ളവരുടെ അനുഭവങ്ങൾക്ക് സമാനതയുണ്ട്. റൂബിയയുടെ പിതാവിന് മറ്റു ആൺകുട്ടികളോ പെൺകുട്ടികളോ ഇല്ല. 18 കോടി മൂല്യമുള്ള സ്വത്താണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. 2020ൽ അപ്രതീക്ഷിതമായി പിതാവ് മരണപ്പെട്ടപ്പോൾ ഈ സ്വത്തിന്റെ പകുതിയിൽ അവകാശവാദം ഉന്നയിച്ച് പിതാവിന്റെ ഏട്ടൻ രംഗത്തെത്തി! കൊടുക്കാൻ സാധിക്കില്ല എന്ന് റൂബിയ നിലപാട് എടുത്തപ്പോൾ പിതാവിന്റെ ഏട്ടൻ കോടതിയിൽ ശരീഅത്ത് നിയമം അടിസ്‌ഥാനമാക്കി കേസിനു പോകുകയും റൂബിയയുടെ പിതാവിന്റെ മുഴുവൻ സ്വത്തുവകകളിലും കേസ് നൽകുകയും ചെയ്‌തു!.

ഇപ്പോൾ ഈ സ്വത്തുക്കൾ വിൽക്കാനോ കൈമാറ്റം ചെയ്യാനോ ആദായങ്ങൾ അനുഭവിക്കാനോ പോലും കഴിയാത്ത അവസ്‌ഥയിലാണ്‌ റൂബിയയും മകനും റൂബിയയുടെ ഉമ്മയും. ഇതുപോലെ സംഭവിച്ചു കഴിഞ്ഞതോ സംഭവിക്കാനിരിക്കുന്നതോ ആയ സമാനമായ അനുഭവങ്ങളാണ് 7 പേരുടെയും. അത് കൊണ്ടുതന്നെ ഈ കക്ഷികളുടെ അനുഭവങ്ങൾ കോടതിയിൽ സാധുവായ തെളിവാകുമെന്നും മനുഷ്യാവകാശവും തുല്യനീതിയും ഹനിക്കപ്പെടുന്നത് കോടതിക്ക് ബോധ്യപ്പെടുമെന്നുമാണ് നിയമ വിദഗ്‌ധർ പ്രതീക്ഷിക്കുന്നത്.

ഈ കേസിന്റെ ഒരുഘട്ടത്തിൽ, സുപ്രീംകോടതി ഇന്നത്തെ കേരള സർക്കാരിനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. സർക്കാർ, മതനേതൃത്വങ്ങളിലെ യാഥാസ്‌ഥിതികരായ ആൺപ്രതിനിധികളുടെ യോഗം വിളിച്ച്​ അവരുടെ തീരുമാനം സർക്കാരിന്റെയും മുസ്‌ലിം സ്‌ത്രീകളുടെയും അഭിപ്രായമായി അറിയിക്കാൻ തീരുമാനിച്ചത് സാമൂഹിക മാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്‌ക്ക് കാരണമായിരുന്നു.

ഈ ചർച്ചകളിൽ മുൻതുക്കം കിട്ടിയത്മതവിശ്വാസി തന്റെ വിശ്വാസം നിലനിർത്താൻ നിർബന്ധമായും അനുഷ്‌ഠിച്ചിരിക്കേണ്ട കാര്യങ്ങളിലല്ലാതെ സിവിൽ, ക്രിമിനൽ നിയമങ്ങളിൽ ഭരണകൂടവും മതേതര ജനാധിപത്യ സമൂഹവുമാണ് തീരുമാനമെടുക്കേണ്ടത് എന്ന പൊതു വികാരത്തിനായിരുന്നു.  30നും 50നും ഇടയിലുള്ള ആളുകളുടെ ഈ പൊതുഅഭിപ്രായം പക്ഷെ, മതനേതൃത്വത്തിന് ഇഷ്‍ടപ്പെട്ടിരുന്നില്ല. -സഫിയ വ്യക്‌തമാക്കി.

മാതാവിന്റെയോ പിതാവിന്റെയോ മരണാനന്തരം ഇവരുടെ സ്വത്തിലുള്ള പിന്തുടർച്ചാവകാശം മുസ്​ലിം സ്‌ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെയല്ല. കടുത്ത വിവേചനങ്ങളാണ് ഇതിലുള്ളത്. നിയമത്തിലുള്ള ഈ വിവേചനങ്ങൾ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ‘നിസ’ (പുരോഗമന മുസ്​ലിം സ്‌ത്രീ സംഘടന) പ്രസിഡണ്ട് വിപി സുഹ്‌റ, എംസി റാബിയ, സിവി അബ്‌ദുൽൽസലാം, ഖുർആൻ സുന്നത്ത് സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഡോ. എം അബ്‌ദുൽ ജലീൽ, ഹ്യൂമനിസ്‌റ്റ് സെന്റർ ഇന്ത്യ പ്രതിനിധി കെവി സയ്യിദ് മുഹമ്മദ് എന്നിവർ ചേർന്ന് കേരള ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്‌തത്‌. -സഫിയ വ്യക്‌തമാക്കി.

2015 ജൂലൈ 2ന് ഹർജിയിൽ തീർപ്പു കൽപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയും പ്രശ്‌നങ്ങൾ പരിഗണിച്ചുകൊണ്ടുള്ള നിയമനിർമാണത്തിന് നിയമസഭക്ക് വിടുകയും ചെയ്‌തു. ഇന്നത്തെ ഇടത് സർക്കാർ എടുത്ത നിലപാടിന് സമാനമായ കാര്യം തന്നെയാണ് അന്ന് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരും ചെയ്‌തത്‌. മതനേതാക്കളായ ആണുങ്ങളുടെ ഉന്നതതല യോഗം വിളിച്ച്​ ചേർത്ത്‌ ഈ വിഷയത്തിൽ സർക്കാർ നിയമനിർമാണം നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു യുഡിഎഫ്‌ ചെയ്‌തത്‌. അതിനെതിരെ പരാതിക്കാർ സുപ്രീംകോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചു. ഈ പെറ്റീഷനിലാണ് ഞങ്ങൾ 7 പേർ ഇപ്പോൾ കക്ഷി ചേർന്നിരിക്കുന്നത്. -സഫിയ വിശദീകരിച്ചു.

MOST READ| ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്‌ഥാനത്ത്‌!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE