സംസ്‌ഥാനത്ത്‌ പൾസ് പോളിയോ വിതരണം നാളെ; 23,471 ബൂത്തുകൾ സജ്‌ജം

By Trainee Reporter, Malabar News
Polio Vaccine kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്‌ഥാനത്ത്‌ നാളെ നടക്കും. സംസ്‌ഥാനതല ഉൽഘാടനം ഞായറാഴ്‌ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. പൾസ് പോളിയോ വിതരണത്തിനായി സംസ്‌ഥാനം സജ്‌ജമായതായി ആരോഗ്യമന്ത്രി അറിയിച്ചു.

അഞ്ചുവയസിനുള്ള താഴെയുള്ള 23,28,258 കുഞ്ഞുങ്ങൾക്കാണ് നാളെ പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പടെ 23,471 ബൂത്തുകൾ സംസ്‌ഥാനത്ത്‌ സജ്‌ജമാക്കിയിട്ടുണ്ട്. 46,942 വളണ്ടിയർമാർ, 1564 സൂപ്പർവൈസർമാർ ഉൾപ്പടെ അരലക്ഷത്തോളം പേരാണ് പരിപാടിയിൽ പങ്കെടുക്കുക. അസുഖം മൂലമോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ നാളെ തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുട്ടികൾക്ക് ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകാവുന്നതാണ്.

രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് സംസ്‌ഥാനത്ത്‌ പോളിയോ ബൂത്തുകൾ പ്രവർത്തിക്കുക. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്‌റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക.

കുട്ടികൾക്ക് അംഗവൈകല്യത്തിന് കാരണമാകുന്ന ഒരു രോഗമാണ് പോളിയോ മൈലൈറ്റിസ് അഥവാ പോളിയോ രോഗം. രോഗിയുടെ മലത്തിലൂടെ പുറന്തള്ളുന്ന രോഗാണുക്കൾ കലർന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. തുടർന്ന് രോഗാണുക്കൾ കുടലിൽ പെരുകുകയും നാഡീവ്യവസ്‌ഥയെയും തലച്ചോറിനെയും ബാധിക്കുകയും പേശികളുടെ ബലക്കുറവിന് കാരണമാവുകയും ചെയ്യുന്നു.

ഇതോടെ കൈകാലുകൾക്ക് അംഗവൈകല്യം ഉണ്ടാവുന്നു. എന്നാൽ, ഈ രോഗത്തിന് ഫലപ്രദമായ വാക്‌സിൻ നിലവിലുണ്ട്. കേരളത്തിൽ 2000ത്തിന് ശേഷവും ഇന്ത്യയിൽ 2011ന് ശേഷവും രോഗം റിപ്പോർട് ചെയ്‌തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്‌ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, നമ്മുടെ അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കാനാണ് പോളിയോ തുള്ളിമരുന്ന് വിതരണം എല്ലാ വർഷവും നടത്തുന്നത്.

Most Read| അമിതവണ്ണം വില്ലൻ തന്നെ; നാലിരട്ടിയോളം വർധിച്ചതായി പഠന റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE