ന്യൂഡെല്‍ഹി: ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്‌ടർ അപകടത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് വ്യോമസേന. ട്വിറ്ററിലൂടെയാണ് വ്യോമസേനയുടെ അഭ്യര്‍ഥന. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സേന വ്യക്‌തമാക്കി.
അതിവേഗത്തിലും കൃത്യതയോടും കൂടി അന്വേഷണം പൂര്‍ത്തിയാക്കി വസ്‌തുതകള്‍ പുറത്ത് കൊണ്ടു വരും. അതുവരെ മരിച്ചവരുടെ അന്തസിനെ ബഹുമാനിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും വ്യോമസേനയുടെ ട്വീറ്റിൽ പറയുന്നു.
ഊട്ടിയിലെ കൂനൂരിൽ റഷ്യൻ നിർമിത മി17വി5 ഹെലികോപ്‌ടർ തകർന്നുവീണാണ് സംയുക്‌ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്‌ഥരും അടക്കം 13 പേർ മരിച്ചത്. ഇവരിൽ ഒരു മലയാളി സൈനികനും ഉൾപ്പെടുന്നു. റഷ്യയിലെ കാസൻ ഹെലികോപ്‌ടേഴ്‌സ് ആണ് ഈ ഹെലികോപ്‌ടർ നിർമിച്ചത്. കത്തിയമർന്ന ഹെലികോപ്‌ടറിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡർ ഇന്നലെ കണ്ടെടുത്തിരുന്നു. ഇത് പിന്നീട് ബെംഗളൂരുവിലെ വ്യോമസേന കേന്ദ്രത്തിൽ എത്തിച്ച് പരിശോധന തുടങ്ങി.
ഇതിനിടെ കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് ഡിജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡിഎസ്‌പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്‌ത സേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്‌തമാക്കി. മരിച്ചവരോടുള്ള ആദര സൂചകമായി നീലഗിരി ജില്ലയിൽ കടകളടച്ച് പകൽ ഹർത്താൽ ആചരിക്കുകയാണ്.
Read also: ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രത വേണം; ഡിജിപി