ന്യൂഡെൽഹി: സദാശിവ നായകിനെ കമ്പനിയുടെ പുതിയ സിഇഒയായി (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ) നിയമിച്ചതായി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് (എഫ്ആർഎൽ) അറിയിച്ചു. ഇന്ന് ചേർന്ന ബോർഡ് മീറ്റിങ്ങിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. കമ്പനി പുറത്തിറക്കിയ റഗുലേറ്ററി ഫയലിംഗിലാണ് നായകിന്റെ നിയമനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടത്.
17 വർഷത്തിലേറെയായി നായക് ഫ്യൂച്ചർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തുകയാണ്. കഴിഞ്ഞ 8 വർഷമായി ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള ബിഗ് ബസാറിന്റെ സിഇഒ ആയിരുന്നു അദ്ദേഹം. ഇക്കാലയളവിലാണ് സ്‌ഥാപനം രാജ്യത്തെ മികച്ച റീട്ടെയിൽ ഷോപ്പുകളുടെ നിരയിലേക്ക് ഉയർന്നത്. നേരത്തെ ഹിന്ദുസ്‌ഥാൻ യൂണിലിവർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ കമ്പനികളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ബിഗ് ബസാറിന് പുറമെ എഫ്ബിബി, ഫുഡ്ഹാൾ, ഈസിഡേ, നീലഗിരി തുടങ്ങിയ സ്‌ഥാപനങ്ങളും ഫ്യൂച്ചർ ഗ്രൂപ്പിന് സ്വന്തമായുണ്ട്. കഴിഞ്ഞ വർഷം ആഗസ്‌റ്റിൽ കമ്പനിയുടെ കീഴിലുള്ള റീട്ടെയിൽ, മൊത്ത വ്യാപാര സ്‌ഥാപനങ്ങൾ മുഴുവനായും റിലയൻസിന് വിൽക്കാനുള്ള നടപടികൾക്ക് കമ്പനി അനുമതി നൽകിയിരുന്നു, ഏതാണ്ട് 24,713 കോടിയോളം രൂപയുടെ ഇടപാടാണ് ഇതിലൂടെ നടക്കാൻ പോവുന്നത്.
Read Also: ചിത്രീകരണം പൂർത്തീകരിച്ച ‘മെയ്‌ഡ് ഇന്‍ ക്യാരവാന്‍’ തിയേറ്ററിലെത്തും