കുട്ടികളെ സുരക്ഷിതരാക്കേണ്ടേ… ശ്രദ്ധിക്കണം, ഈ കാര്യങ്ങള്‍

By News Desk, Malabar News
MalabarNews_ child safety messures
Representation Image
Ajwa Travels

ഒന്നര വയസ്സുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മുങ്ങിമരിച്ച സംഭവം, അത് കേട്ട എല്ലാവരിലും വിഷമത ഉണ്ടാക്കിയതാണ്. കുട്ടികള്‍ക്കുണ്ടാകുന്ന ചെറിയ വേദന പോലും നമ്മളില്‍ ആഴത്തില്‍ വേദന ഉളവാക്കുന്നതാണ്. വലിയ അപകടമോ ദുരന്തമോ തരുന്നതു തീരാദുഃഖവും. നിസ്സാര കാരണമോ ഒരു നിമിഷത്തെ ശ്രദ്ധമാറലോ ആവാം പലപ്പോഴും കുട്ടികളെ അപകടത്തിലാക്കുന്നത്. കുഞ്ഞുങ്ങളുടെ അപകട വാര്‍ത്തകള്‍ സമീപകാലത്തു ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ കുഞ്ഞുങ്ങളുടെ സുരക്ഷയെ പറ്റിയും നാം കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്.

കുട്ടികള്‍ അപകടത്തില്‍ പെടാവുന്ന സാഹചര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഭക്ഷണം
1. വിഷക്കായയുള്ള മരങ്ങള്‍ക്കു സമീപം കുട്ടികള്‍ നില്‍ക്കുന്നതു കണ്ടിട്ടുണ്ട്. പലപ്പോഴും കായ്കള്‍ അവരുടെ കയ്യെത്തും ഉയരത്തിലാകും. തെറ്റിദ്ധരിച്ചു കുട്ടികള്‍ വിഷക്കായ കഴിക്കാനുള്ള സാധ്യത കുറവല്ല.
2. ചെറിയ വസ്തുക്കള്‍ കുട്ടികള്‍ വായിലിടും. റംബുട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചു എന്നുള്ള വാര്‍ത്ത കേട്ടിട്ടുള്ളതാണ്. ഇത്തരം വലിയ കുരുവുള്ള പഴങ്ങള്‍ കുട്ടികള്‍ക്കു കൊടുക്കരുത്.
3. കപ്പലണ്ടി പോലും തീരെ ചെറിയ കുട്ടികള്‍ക്ക് കൊടുക്കരുത്. ലോലിപോപ് കൊടുക്കുമ്പോഴും ശ്രദ്ധിക്കണം. മിഠായി തിന്നുമ്പോള്‍ അതിനൊപ്പമുള്ള പ്ലാസ്റ്റിക് ദണ്ഡ് അബദ്ധത്തില്‍ തൊണ്ടയിലേക്കു തെന്നിപ്പോകാം. ബബ്ള്‍ഗമ്മാണു മറ്റൊരു അപകട സാധ്യത. അതു തൊണ്ടയിലൊട്ടി മുതിര്‍ന്നവര്‍ക്കു പോലും അപകടം സംഭവിച്ചിട്ടുണ്ട്.
വെള്ളം / തീ / വൈദ്യുതി
4. കുട്ടനാട് പോലെ ജലാശയങ്ങള്‍ ഏറെയുള്ള സ്ഥലങ്ങളില്‍ തീരെ ചെറിയ കുട്ടികളെ വെള്ളക്കെട്ടുകള്‍ക്കു സമീപത്തേക്കു വിടാതിരിക്കുക. ചെറിയൊരു അശ്രദ്ധ കൊണ്ടുപോലും അപകടമുണ്ടാകാം.
5. ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞുങ്ങളെ ഒറ്റയ്ക്കു കളിക്കാന്‍ വിടരുത്.
6. വിളക്കോ മെഴുകുതിരിയോ കത്തിച്ചു വയ്ക്കുമ്പോള്‍ കുട്ടി അതിനടുത്തു പോകാതെ ശ്രദ്ധിക്കണം.
7. കുട്ടികളുടെ കയ്യെത്തുന്ന ഉയരത്തില്‍ പ്ലഗ് പോയിന്റും മറ്റും സ്ഥാപിക്കരുത്.
8. വാട്ടര്‍ ഹീറ്ററും കോയിലും മറ്റും കുറ്റമറ്റതായിരിക്കണം. ഉപകരണത്തിനു തകരാറുണ്ടെങ്കില്‍ വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിക്കാം.
9. ഇസ്തിരിപ്പെട്ടി, ഫ്രിജ് തുടങ്ങിയവയ്ക്കും തകരാറില്ലെന്ന് ഉറപ്പാക്കണം. ചൂടായ ഇസ്തിരിപ്പെട്ടി കുട്ടികള്‍ക്കു കയ്യെത്തുന്ന സ്ഥലത്തു വയ്ക്കരുത്.
റോഡ്
10. വീടിനു തൊട്ടടുത്തു റോഡുണ്ടെങ്കില്‍ ഏറെ ശ്രദ്ധിക്കണം. ഒരു നിമിഷം ശ്രദ്ധ മാറിയാല്‍ കുഞ്ഞുങ്ങള്‍ റോഡില്‍ ഇറങ്ങാം. കുട്ടികളുള്ള വീടിന്റെ പടിക്കല്‍ മുന്‍പ് ചെറിയ വേലി കെട്ടി, കുട്ടി വഴിയിലിറങ്ങുന്നത് ഒഴിവാക്കുമായിരുന്നു. ഇന്നു പലയിടത്തും അത്തരം ശ്രദ്ധയില്ല. ഗേറ്റുണ്ടെങ്കില്‍ നിര്‍ബന്ധമായും അടച്ചിടണം. ഒരിക്കലും കുട്ടികളെ തനിച്ചാക്കരുത്.
കളിപ്പാട്ടങ്ങള്‍
11. കളിപ്പാട്ടങ്ങളും ശ്രദ്ധിക്കണം. ചില കളിപ്പാട്ടങ്ങളുടെ നിറം ഈയം കലര്‍ന്നതാണ്. അതു വിഷമാണ്.
12. മൂര്‍ച്ചയുള്ള വസ്തുക്കള്‍ കളിക്കാന്‍ കൊടുക്കരുത്. കുട്ടികള്‍ വായിലിടാന്‍ സാധ്യതയുള്ള വസ്തുവാണു താക്കോല്‍. ഒന്നു തട്ടിയാല്‍ അതു വായ്ക്കുള്ളിലോ തൊണ്ടയിലോ തറച്ചു കയറാം.
13. ബട്ടന്‍ രൂപത്തിലുള്ള ബാറ്ററി ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒഴിവാക്കണം. ബാറ്ററി വിഴുങ്ങിയ ഒട്ടേറെ സംഭവങ്ങളുണ്ട്. ആന്തരാവയവങ്ങളില്‍ ദ്വാരമുണ്ടാക്കുന്ന രാസവസ്തുക്കള്‍ ബാറ്ററിയിലുണ്ട്. അതിനാല്‍ അതു സ്വയം പുറത്തു പോകട്ടെ എന്നു തീരുമാനിക്കാനാവില്ല.
14. പെന്‍സിലോ പേനയോ കൊടുത്താലും അപകടമാണ്. കുട്ടി കൈകാര്യം ചെയ്യുമ്പോള്‍ കണ്ണില്‍ കൊള്ളാന്‍ സാധ്യതയുണ്ട്.
വാഹനങ്ങള്‍
15. ടൂവീലറില്‍, ഓടിക്കുന്നയാള്‍ക്കും പിന്നിലിരിക്കുന്നയാള്‍ക്കും (പലപ്പോഴും ഇതു മാതാപിതാക്കള്‍ തന്നെ) ഇടയില്‍ കുട്ടിയെ നിര്‍ത്തി കൊണ്ടുപോകുന്നതു മിക്കയിടത്തും കാണാം. വലിയ അപകടമാണത്.
16. കുട്ടികള്‍ക്കു സൈക്കിള്‍ വാങ്ങി നല്‍കുമ്പോള്‍ ശ്രദ്ധിക്കണം. ഇടവഴിയില്‍നിന്നു ശ്രദ്ധിക്കാതെ വലിയ റോഡിലേക്കു കയറുന്നത് അപകടമുണ്ടാക്കും.
മരുന്നുകള്‍ / രാസവസ്തുക്കള്‍
17. വീട്ടില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നതു കുട്ടികളുടെ കൈ അകലത്തിലാകരുത്. മുതിര്‍ന്നവരുടെ മരുന്നുകള്‍ അബദ്ധത്തില്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ച ഒട്ടേറെ സംഭവങ്ങളുണ്ട്.
18. മണ്ണെണ്ണ, ദ്രവ സോപ്പ്, തിന്നര്‍, വിനാഗിരി തുടങ്ങിയവ കുട്ടികള്‍ കുടിച്ച സംഭവങ്ങളും ഏറെയുണ്ട്. ചില വീടുകളില്‍ വിനാഗിരി സൂക്ഷിക്കുന്നതു വെള്ളത്തിന്റെ കുപ്പിയിലാവും. ഇതു കുട്ടികളെ അപകടത്തിലാക്കാം.
19. മധുരമുള്ള സിറപ്പ് അമിതമായി കുടിച്ച് അപകട നിലയിലായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
20. ശുചീകരണത്തിനുള്ള രാസവസ്തുക്കളും ദ്രാവകങ്ങളും കുട്ടികള്‍ക്ക് എടുക്കാന്‍ പാകത്തിനു വയ്ക്കരുത്.
21. കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ നാണയം കൊടുക്കുന്നവരുണ്ട്. ഒരു നിമിഷം ശ്രദ്ധ മാറിയാല്‍ കുട്ടി അതു വായിലിടാന്‍ സാധ്യതയുണ്ട്. മരുന്നുകുപ്പിയുടെയും മറ്റും സ്ഥാപിക്കരുത്.
22. വാട്ടര്‍ ഹീറ്ററും കോയിലും മറ്റും കുറ്റമറ്റതായിരിക്കണം. ഉപകരണത്തിനു തകരാറുണ്ടെങ്കില്‍ വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിക്കാം.

മറ്റ് അപകട സാധ്യതകള്‍

  • ഉറങ്ങുമ്പോഴും കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കണം. തൊട്ടിലില്‍ ഉറങ്ങുന്ന കുട്ടി ഇടയ്ക്ക് ഉണര്‍ന്നു തനിയെ ഇറങ്ങിപ്പോകാന്‍ സാധ്യതയുണ്ട്.
  • ടിവി സ്റ്റാന്‍ഡ് പോലും അപകടമുണ്ടാക്കാം. സ്റ്റാന്‍ഡിന്റെ താഴത്തെ തട്ടില്‍ ചവിട്ടി കയറാന്‍ ശ്രമിച്ച കുട്ടിയുടെമേല്‍ ടിവി വീണു അപകടം സംഭവിച്ചിട്ടുണ്ട്.
  • മുതിര്‍ന്ന കുട്ടികളെ അനുകരിച്ചു കൊച്ചുകുട്ടികള്‍ ഗോവണിയുടെ കൈവരിയിലൂടെ നിരങ്ങാതെ നോക്കണം.
  • വീട്ടിലെ പാത്രങ്ങള്‍ കുട്ടി കൈകാര്യം ചെയ്യുമ്പോള്‍ പോലും ശ്രദ്ധിക്കണം. ഇഡ്ഡലിത്തട്ടിന്റെ സുഷിരത്തില്‍ കുട്ടിയുടെ വിരല്‍ കുടുങ്ങിയ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
  • കുട്ടികളെ മോതിരം അണിയിക്കാതിരിക്കുന്നതാണു നല്ലത്. മോതിരം കടിക്കുമ്പോള്‍ അബദ്ധത്തില്‍ തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്.
  • അടുപ്പിലോ സമീപത്തോ ചൂടുവെള്ളമോ ചൂടുള്ള ഭക്ഷണമോ ഉള്ളപ്പോള്‍ കുട്ടിയെ അവിടെ നിര്‍ത്തി പോകരുത്.
  • കയറും മറ്റും അലക്ഷ്യമായി ഇടരുത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE