റിയാദ്: സൗദി അറേബ്യയിൽ താമസ (ഇഖാമ), തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനം നടത്തിയ ഏഴായിരത്തിലേറെ പ്രവാസികളെ നാടുകടത്തി. ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള ദിവസങ്ങളില്‍ ആകെ 7227 പേരെയാണ് നാടുകടത്തിയത്. ഇക്കാലയളവില്‍ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്‌ഡുകളില്‍ 13,279 നിയമ ലംഘകര്‍ പിടിയിലായി.
പിടിയിലായവരില്‍ 6712 പേര്‍ ഇഖാമ നിയമ ലംഘകരും 4789 പേര്‍ നുഴഞ്ഞുകയറ്റക്കാരും 1778 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഒരാഴ്‌ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 283 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇക്കൂട്ടത്തില്‍ 55 ശതമാനം പേര്‍ യെമനികളും 42 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്നു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്.
അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 51 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ പത്തു പേരും ഒരാഴ്‌ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നിലവില്‍ 97,357 നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണ്.
ഇക്കൂട്ടത്തില്‍ 86,561 പേര്‍ പുരുഷൻമാരും 10,796 പേര്‍ സ്‌ത്രീകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് മുന്നോടിയായി 86,222 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 2342 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
Read Also: സംസ്‌ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ