ന്യൂഡെൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് നീക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വാഹന സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു. ഗുജറാത്തില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പോളിസി പ്രഖ്യാപിച്ചത്.
സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും കാലാവധിയാണ് പുതിയ നയത്തില്‍ നല്‍കുന്നത്. വാഹന രജിസ്‌ട്രേഷന് ഏകജാലക സംവിധാനം നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ രജിസ്‌ട്രേഷൻ റോഡ് നികുതിയിലും ഇളവ് ലഭിക്കും.
പുതിയ നയത്തിന്റെ ചുവടുപിടിച്ച് പതിനായിരം കോടിയുടെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ 35,000 പേര്‍ക്ക് തൊഴിലവസരം ലഭിക്കും. വാഹനങ്ങള്‍ പൊളിക്കാന്‍ 70 കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിന് പുറമെ ഓട്ടോമേറ്റഡ് ടെസ്‌റ്റിങ്ങും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ആം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അടുത്ത 25 വര്‍ഷം രാജ്യത്തിന് വളരെ പ്രധാനമാണ്. ഇക്കാലത്ത് പ്രവര്‍ത്തനരീതിയില്‍, ദൈനംദിന ജീവിതത്തില്‍, ബിസിനസുകളിൽ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്ന പരാമര്‍ശത്തോടെയാണ് പ്രധാനമന്ത്രി ദേശീയ ഓട്ടോമൊബൈല്‍ സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചത്.
പതിവ് സ്‌ക്രാപ്പിങ്ങിലൂടെ ഏകദേശം 99 ശതമാനം പുനരുപയോഗത്തിന് (മെറ്റല്‍ മാലിന്യങ്ങള്‍) ഉപയോഗിക്കാനാകും. ഇത് അസംസ്‌കൃത വസ്‌തുക്കളുടെ വിലയില്‍ ഏകദേശം 40 ശതമാനം കുറയ്‌ക്കും. ഈ അവസ്‌ഥ അന്തര്‍ദേശീയ വിപണിയില്‍ രാജ്യത്തിന്റെ മൽസര ശേഷി വർധിപ്പിക്കുമെന്ന് ദേശീയ നിക്ഷേപക ഉച്ചകോടിയില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി വ്യക്‌തമാക്കി. വാഹനങ്ങളുടെ വിൽപന വർധിക്കുന്നതിലൂടെ ജിഎസ്‌ടിയില്‍ 30,000 മുതല്‍ 40,000 കോടി രൂപയുടെ ലാഭം സര്‍ക്കാരിന് ലഭിക്കും. ജിഎസ്‌ടിയില്‍ സംസ്‌ഥാന സര്‍ക്കാരിന് 30,000 മുതല്‍ 40,000 കോടി രൂപ വരെ ലാഭം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: മദ്രാസ് ഐഐടിയിൽ ബ്രാഹ്‌മണാധിപത്യം; ദേശീയ ഒബിസി കമ്മീഷന് പരാതി നൽകി വിപിൻ പുതിയേടത്ത്