വേണം കടലോളം ജാഗ്രത

By Desk Reporter, Malabar News
sea-turbulence Malabar News
Representational Image
Ajwa Travels

ഡോ. ഷാജി ഇ
വരുംദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്‌. രൂക്ഷമായ കടൽക്ഷോഭം തീരത്തെ വിഴുങ്ങാനുള്ള സാധ്യതയുമുണ്ട്‌. കോവിഡ്‌ സമ്പർക്ക രോഗഭീഷണിയും കൂടിയാകുമ്പോൾ, എല്ലാശ്രദ്ധയും നാം തീരദേശത്തേക്ക്‌ കൊടുക്കേണ്ട സമയമാണിത്. നല്ല മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു. ശംഖുംമുഖംമുതൽ ആലപ്പാട് പൊന്നാനി, കോഴിക്കോടിന്റെ തീരംവരെ ഭീഷണിയിലാണ്‌. നമ്മുടെ സംസ്ഥാനത്തിന്‌ 590 കിലോമീറ്റർ കടൽത്തീരം ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ നീളത്തിൽ കുറവു വന്നില്ലെങ്കിലും മനോഹാരിത നഷ്ടപ്പെട്ടു. ആകസ്മികമായി ഉണ്ടാകുന്ന എല്ലാത്തരം പ്രകൃതിദുരന്തങ്ങളും ഏറ്റുവാങ്ങി തീരം ക്ഷയിച്ചു. തീരദേശത്തെ മണ്ണൊലിപ്പ്, ഉയർന്ന വേലിയേറ്റം, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ചുഴലിക്കാറ്റുകൾ, പ്രത്യേകിച്ച്‌ വെള്ളപ്പൊക്കം, സുനാമി, അപകടകരമായ തിരമാലകൾ എന്നിവ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ തീരദേശ സമൂഹങ്ങളുടെ ജീവിതത്തെ ഇന്ന് സാരമായി ബാധിക്കുന്നു. മണ്ണൊലിപ്പുംമൂലം തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാകുന്നു. കടലാക്രമണം കാരണം നൂറുകണക്കിന് വീടുകളാണ് വർഷംതോറും പൊളിഞ്ഞുവീഴുന്നത്.

തീരദേശത്തും കേരളത്തിന്റെ മലയോരത്തും കനത്ത മഴ പെയ്തിറങ്ങാനുള്ള സാധ്യത കൂടുതലാണ്. കാരണം മൺസൂൺ മഴയെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളായ പസഫിക് സമുദ്രത്തിലെ “എൽനിനോ’ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിലെ “ഇന്ത്യൻഓഷൻ ഡൈപോൾ’ പ്രതിഭാസവും ആഗസ്തിൽ ശക്തിപ്രാപിച്ചു. അന്താരാഷ്ട്ര ഏജൻസികൾ കേരളത്തിൽ സാധാരണയിൽ കവിഞ്ഞുള്ള മഴ ഉണ്ടാകുമെന്ന്‌ പ്രവചിക്കുന്നു. ഈ പ്രവചനങ്ങൾ നൂറു ശതമാനം ശരിയാകണമെന്നില്ല. കാരണം, കഴിഞ്ഞ പതിനഞ്ച് വർഷത്തെ (2005 മുതൽ 2019 വരെ) തെക്കുപടിഞ്ഞാറൻ മഴയുടെ കണക്കു പരിശോധിച്ചാൽ കാണുന്നത് ഒമ്പത്‌ പ്രാവശ്യം പ്രതീക്ഷിച്ചതിൽ അധികമഴയും ആറുതവണ പ്രതീക്ഷിച്ചതിലും കുറവ് മഴയുമാണ്‌ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ നാല് വർഷത്തിൽ ആഗസ്‌തിൽ പെയ്തിറങ്ങിയ മഴയുടെ കണക്ക്‌ കൂടിവരുന്നതായാണ് കാണുന്നത്. ഇപ്പോൾത്തന്നെ ഒമ്പത്‌ അണക്കെട്ടിൽനിന്നും വെള്ളം ഒഴുക്കിക്കളയുന്നു. നെയ്യാർ, ഭൂതത്താൻകെട്ട്, മലങ്കര, ശിരുവാണി, മൂലത്തറ, കാരാപ്പുഴ, കുറ്റ്യാടി, പഴശ്ശി, മണിയാർ എന്നീ ഡാമുകളിലെ ജലനിരപ്പാണ് ഉയർന്നുനിൽക്കുന്നത്.
ഒമ്പത്‌ തീരദേശജില്ലയിൽ ആലപ്പുഴയിലെ തീരദേശത്താണ് ഏറ്റവും ഉയർന്ന ജനസാന്ദ്രത, ഏറ്റവുംകുറവ് കാസർകോടാണ്. ആളുകളെ ബാധിക്കാൻ സാധ്യതയുള്ളത് ആലപ്പുഴയിലും തിരുവനന്തപുരം ജില്ലയിലും ആണ്. ആലപ്പുഴ ജില്ലയോട് ചേർന്നുകിടക്കുന്ന കുട്ടനാടിനും അപകടഭീഷണി കൂടുതലാണ്.

ഫിഷറീസ് വകുപ്പിന്റെ പഠന റിപ്പോർട്ട് അനുസരിച്ച്‌ സമുദ്രതീരത്തുനിന്ന് 10 മീറ്ററിനുള്ളിൽ 3367 വീടുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ്‌. 50 മീറ്ററിനുള്ളിൽ 18,685 വീടുകളുണ്ട്. ദേശീയ സമുദ്രവിവര വിശകലനവകുപ്പ് മുന്നറിയിപ്പ് നൽകുന്നത് കേരളതീരത്ത്‌ 3.5 മുതൽ 3.8മീറ്റർ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകുമെന്നാണ്. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ “ഓറഞ്ച് ബുക്ക് ഓഫ്‌ ഡിസാസ്റ്റർ മാനേജ്മന്റ്’ രണ്ടാംപതിപ്പിൽ വിശദമായി ഇവയൊക്കെ പറഞ്ഞിട്ടുണ്ട്. 2018ലും 2019ലും 24 മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയ പെരുമഴ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായി. അറബിക്കടലിലും ന്യൂനമർദം ചുഴലിക്കാറ്റായി പരിണമിക്കുന്ന പ്രക്രിയ വർധിച്ചുവരുന്നതായി കാണാം. കൂടാതെ ബംഗാൾ ഉൾക്കടൽ, ഇന്ത്യൻമഹാസമുദ്രം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ന്യൂനമർദം ശക്തമായ മഴയ്‌ക്കും കാറ്റിനും കാരണമാകുന്നതായി കാണാം.കേരളതീരം ഇനി ചുഴലിക്കാറ്റിനെയും പേടിക്കണം. ലോകത്ത്‌ ഒരേസമയംതന്നെ ചുഴലിക്കാറ്റുകൾ രൂപംകൊള്ളാറുണ്ട്. 2019 ഡിസംബറിൽ സൊമാലിയയുടെ കിഴക്ക്‌ രൂപംകൊണ്ട “പവൻ’ ആണ് അവസാനമായി അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്. 2020ൽ രൂപം കൊള്ളുന്ന അടുത്ത ചുഴലിക്കാറ്റിന് “നിസർഗ’ എന്നായിരിക്കും പേര്.

കേരളത്തിന്റെ പലഭാഗത്തും പ്രത്യേകിച്ച്‌ തീരദേശത്ത്‌ കോവിഡ്‌ സമൂഹവ്യാപനം ഉണ്ടായി എന്നാണ് പറയുന്നത്.അതിനാൽ ജലമലിനീകരണം തടയാനുള്ള എല്ലാം മാർഗങ്ങളും നാം അനുവർത്തിക്കണം. ഒരു പ്രത്യേക പ്രോട്ടോകോൾ ഉണ്ടാക്കണം. നാം കൂടുതൽ ശ്രദ്ധ തീരദേശത്ത്‌ കൊടുക്കേണ്ടിയിരിക്കുന്നു.

(കേരള സർവകലാശാലയിൽ ജിയോളജി വകുപ്പിൽ അസോസിയറ്റ്‌ പ്രൊഫസറാണ്‌ ലേഖകൻ)
കടപ്പാട്: ദേശാഭിമാനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE