പാലക്കാട്: കാണാതായ വനംവകുപ്പ് വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്നും വിഫലം. രാജനായി പോലീസിന്റെ രണ്ട് സംഘങ്ങൾ നടത്തിയ സ്‌പെഷ്യൽ ഡ്രൈവ് അവസാനിപ്പിച്ചു. രാജന്റെ തിരോധനത്തെ കുറിച്ച് സൂചന ലഭിക്കുന്ന ഒന്നും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അഗളി എസ്ഐയുടെ നേതൃത്വത്തിൽ സൈരന്ധ്രി വനത്തിലും തണ്ടർബോൾട്ട് സംഘം കെപി എസ്‌റ്റേറ്റ് വഴി മണ്ണാർക്കാട് തത്തേങ്ങലത്തുമാണ് തിരച്ചിൽ നടത്തിയത്.
കഴിഞ്ഞ ദിവസം കാലാവസ്‌ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിൽ നിർത്തി വച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും തിരച്ചിൽ ആരംഭിച്ചത്. രാജനെ വന്യമൃഗം അപായപ്പെടുത്തിയിട്ടില്ലെന്ന വനംവകുപ്പ് നിഗമനം പോലീസും ശരിവെച്ചു. കൂടാതെ രാജൻ വനത്തിന് പുറത്തേക്ക് പോയതിന് തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് പോലീസിന്റെ പ്രത്യേക സംഘം വനത്തിനുള്ളിൽ വീണ്ടും തിരച്ചിൽ നടത്താൻ തീരുമാനിച്ചത്.
അതേസമയം തന്നെ രാജന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിന്റെ പുരോഗതി പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കഴിഞ്ഞ ദിവസം വിലിയിരുത്തുകയും ചെയ്‌തിരുന്നു. വനംവകുപ്പ് നടത്തിയ രണ്ടാഴ്‌ച നീണ്ട തിരച്ചിലും തെളിവൊന്നും കിട്ടാത്തതിനാൽ ഉപേക്ഷിച്ചിരുന്നു. ലുക്ക്‌ഔട്ട് നോട്ടീസ് അടക്കം ഇറക്കി തിരോധാന കേസ് തമിഴ്‌നാട്ടിലടക്കം അന്വേഷിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ഫലവത്തായിട്ടില്ല.
Most Read: പിസി ജോർജിനെതിരെ കേസെടുത്തവർ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി എടുക്കുന്നില്ല; കെ സുരേന്ദ്രൻ