പാലക്കാട്: പ്രതികൂല കാലാവസ്‌ഥയിലും കർഷകരിൽനിന്ന് പരമാവധി നെല്ലെടുക്കാനുള്ള ശ്രമവുമായി സപ്ളൈകോ. ഒന്നാംവിളയ്‌ക്ക് ഇതുവരെ 12,000 ടൺ നെല്ലാണ് ശേഖരിച്ചത്. ഗുണനിലവാരം നോക്കാതെ നനഞ്ഞ നെല്ലും സംഭരിക്കുന്നത് കർഷകർക്ക് ആശ്വാസമാണ്. മില്ലുകൾക്ക് പാടം വേഗത്തിൽ അനുവദിക്കുന്നുണ്ട്. അമ്പതോളം മില്ലുകളാണ് ജില്ലയിൽനിന്ന് നെല്ലെടുക്കുന്നത്.
കാലവർഷം കനത്തില്ലായിരുന്നെങ്കിൽ ഇത്തവണ ഒന്നാംവിളയ്‌ക്ക് റെക്കോഡ് സംഭരണം നടക്കുമായിരുന്നു. മഴയിൽ വീണ നെൽച്ചെടി കൊയ്‌തെടുക്കാൻ കർഷകർ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ മഴ നിൽക്കാത്ത സാഹചര്യത്തിൽ കൊയ്യാൻ സാധിക്കാതെ കൃഷി ഉപേക്ഷിക്കുന്ന സ്‌ഥിതിയുമുണ്ട്. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുപ്രകാരം 1,600 ഹെക്‌ടറിലേറെ നെൽകൃഷിയാണ് മഴയിൽ നശിച്ചത്.
നെല്ല് നിറച്ചു വയ്‌ക്കാൻ കർഷകർക്ക് മില്ലുകാർ ചാക്ക് നൽകുന്നില്ലെന്ന് പരാതിയും ചിലയിടങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. അടിയന്തര സാഹചര്യത്തിൽ കർഷകർ പലയിടങ്ങളിൽ നിന്നായി ചാക്ക് ശേഖരിച്ചാണ് നിലവിൽ നെല്ല് സംഭരിക്കുന്നത്. അടുത്ത വിള മുതൽ സപ്ളൈകോ നേരിട്ട് മില്ലുകാർക്ക് ചാക്ക് നൽകാൻ ധാരണയായി.
Read Also: മോന്‍സൺ മാവുങ്കലിന്റെ മാനേജര്‍ ജിഷ്‌ണുവിനെ ഇന്നും ചോദ്യം ചെയ്യും