തിരുവനന്തപുരം: കോവിഡ് വ്യാപനം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസമായി പ്രഖ്യാപിച്ച വായ്പകൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ആറു മാസം കൂടി നീട്ടി നൽകണം എന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ. ഈ ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാരിനെയും റിസർവ് ബാങ്കിനെയും സമീപിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ തന്നെ വിഷയം മന്ത്രിസഭ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 31 വരെയാണ് നിലവിലെ മൊറട്ടോറിയത്തിന്റെ കാലാവധി. ആദ്യഘട്ടത്തിൽ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം പിന്നീട് മൂന്ന് മാസം കൂടി നീട്ടിനൽകുകയായിരുന്നു. കാലാവധി അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ റിസർവ് ബാങ്കിനോട് വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ആറു മാസത്തേക്ക് കൂടി നീട്ടിനൽകാനുള്ള സംസ്ഥാനത്തിന്റെ ആവശ്യം നടപ്പാവാൻ സാധ്യതയില്ല. ആകെ ആറു ഗഡുക്കൾക്കുള്ള കാലാവധിയാണ് നീട്ടിനൽകിയത്. സെപ്റ്റംബർ ഒന്നു മുതൽ ഇതിന്റെ പലിശയും കൂട്ടുപലിശയും ഉൾപ്പെടെ വൻ തുക ഉപഭോക്താക്കൾ അടക്കേണ്ടി വരും.
Related: വൻകിട ബിസിനസുകാർക്ക് നികുതിയിളവ്, സാധാരണക്കാർക്ക് എന്തുകൊണ്ട് നൽകുന്നില്ല?- രാഹുൽ
മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടി നൽകണമെന്നും, ഈ കാലയളവിലെ പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും.