ഖാർത്തൂം: സുഡാനിൽ സൈന്യവും അർധ സന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടൽ കൂടുതൽ മേഖലകളിലേക്ക് പടരുന്ന സ്‌ഥിതിയാണ്. മരണം 83 ആയി ഉയർന്നു. ഇതുവരെ 1200 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ലക്ഷത്തോളം വരുന്ന സുഡാൻ സൈന്യവും 40,000 ത്തോളം വരുന്ന ആർഎസ്എഫും തമ്മിലാണ് സംഘർഷം തുടരുന്നത്. ഏറ്റുമുട്ടൽ തുടരുന്ന പശ്‌ചാത്തലത്തിൽ സുഡാൻ അതിർത്തി അടച്ചിരിക്കുകയാണ്.
ഖാർത്തൂമിന് പുറത്തും നിരവധി നഗരങ്ങളിൽ സംഘർഷം നടക്കുന്നുണ്ട്. അർധ സൈനിക കേന്ദ്രങ്ങളിൽ സൈന്യത്തിന്റെ വ്യോമാക്രമണം, വ്യോമത്താവളം തിരികെ പിടിച്ചതായി സുഡാൻ സൈന്യം അറിയിച്ചിട്ടുണ്ട്. വിമാന സർവീസ് പൂർണമായി നിലച്ചിരിക്കുകയാണ്. അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി കണ്ണൂർ സ്വദേശിയായ ആൽബർട്ട് അഗസ്‌റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുമെന്നാണ് വിവരം.
സുഡാൻ അതിർത്തി 14 ദിവസം അടച്ചിട്ടതിനാലും വിമാന സർവീസ് നിലച്ചിരിക്കുന്നതിനാലും മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയേക്കും. മൃതദേഹം ഖാർത്തൂമിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആൽബർട്ടിന്റെ ഭാര്യയും മകളും ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റ് കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് കഴിയുന്നത്.
സൈനിക തലവൻ ജനറൽ അബ്‌ദുൽ ഫത്തഹ് അൽ ബുർഹാനും ഇദ്ദേഹത്തിന്റെ വിശ്വസ്‌തനായിരുന്ന അർധ സൈനിക വിഭാഗം തലവൻ ലഫ്. ജനറൽ മുഹമ്മദ് ഹംദാനും തമ്മിലുള്ള ഭിന്നതയാണ് സുഡാനെ ചോരക്കളമാക്കിയത്. ഇവർ ഇരുവരും ചേർന്നാണ് സുഡാനിൽ ജനാധിപത്യം സ്‌ഥാപിക്കാനുള്ള നീക്കത്തെ അട്ടിമറിച്ചത്. 30 വർഷമായി അധികാരത്തിലിരുന്ന പ്രസിഡണ്ട് ഒമർ അൽ ബഷീർ 2019ൽ ജനകീയ പ്രതിഷേധത്തിൽ പുറത്തായിരുന്നു.
തുടർന്ന്, ജനകീയ സർക്കാർ രൂപീകരിക്കാൻ സൈന്യവും പ്രതിപക്ഷ പാർട്ടികളും ധാരണയിൽ എത്തി. എന്നാൽ, സമയം എടുത്തപ്പോൾ 2021ൽ സൈന്യം അധികാരം കവരുകയും ചെയ്‌തു. ആർഎസ്എഫിനെ സൈന്യത്തിൽ ലയിപ്പിക്കാനെടുത്ത തീരുമാനമാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണം. അങ്ങനെ ചേർക്കുന്നതോടെ നിലവിൽ വരുന്ന സേനയെ ആര് നയിക്കുമെന്ന ചോദ്യത്തിലാണ് ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായത്. ശനിയാഴ്‌ച മുതലാണ് സുഡാനിൽ ആക്രമണത്തിന് തുടക്കമിട്ടത്.
Most Read: ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ; ഹുബ്ബള്ളി-ധാർവാഡ് സെൻട്രലിൽ മൽസരിക്കും