ന്യൂഡെൽഹി: കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി. അപകടകാരികളായ തെരുവ് നായ്‌ക്കളെ ദയാവധം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
കേസിൽ അടുത്ത മാസം 12ന് വിശദമായി വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കും. അടുത്ത മാസം ഏഴിനകം മറുപടി നൽകണം. തുടർന്ന് കേസ് വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്‌തമാക്കി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കായി അഭിഭാഷകൻ കെആർ സുഭാഷ് ചന്ദ്രനാണ് കോടതിയിൽ ഹാജരായത്.
തെരുവുനായ ആക്രമണം സംസ്‌ഥാനത്ത് രൂക്ഷമാണെന്നും, ഓട്ടിസം ബാധിച്ച നിഹാലിനെ നായ്‌ക്കൾ കടിച്ചു കൊല്ലുകയായിരുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അടിയന്തിര നടപടി ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് ഉണ്ടാകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഇതോടെയാണ്, നിഹാൽ മരിച്ചത് നിർഭാഗ്യകരമായ സംഭവമെന്ന് ജസ്‌റ്റിസുമാരായ സൂര്യകാന്ത്, എംഎം സുന്ദരേഷ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി. നിലവിലെ സാഹചര്യത്തിൽ നായ്‌ക്കളെ കൊല്ലാൻ സാധിക്കില്ല. എന്നാൽ, തെരുവുനായ ആക്രമണം സംസ്‌ഥാനത്ത് രൂക്ഷമായ സാഹചര്യത്തിൽ കൊല്ലാനുള്ള അനുമതി കോടതി നൽകുമോയെന്നാണ് സംസ്‌ഥാനം ഉറ്റുനോക്കുന്നത്.
Most Read: നിഖിലിനെ തേടി പോലീസ്; ഫോൺ സ്വിച്ച് ഓഫ്- സിപിഎം പ്രാദേശിക നേതാവ് കസ്‌റ്റഡിയിൽ