ഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നല്ല അർഥത്തിൽ സ്വീകരിച്ചാല്‍ മതിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. അസുഖം മാറാന്‍ ഡോക്‌ടർ രോഗിക്ക് മരുന്ന് നല്‍കുന്നത് പോലെ കണക്കാക്കിയാല്‍ മതിയെന്ന് സുപ്രീം കോടതി പറഞ്ഞു.
പൊതു താൽപര്യം മുന്‍നിര്‍ത്തിയാണ് കോടതികള്‍ പരാമര്‍ശം നടത്തുന്നത്. കോടതിയുടെ പരാമർശങ്ങൾ റിപ്പോർട് ചെയ്യരുതെന്ന് മാദ്ധ്യമങ്ങളോട് ആവശ്യപ്പെടാനാവില്ലെന്ന് ചീഫ് ജസ്‌റ്റിസ് ഉൾപ്പെട്ട ബെഞ്ച് നിലപാടെടുത്തു. കോടതി നടപടികള്‍ അതേപടി റിപ്പോര്‍ട് ചെയ്യുന്നത് കോടതികളെയും ഉത്തരവാദിത്തം ഉള്ളവരാക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹൈക്കോടതികളുടെ ആത്‌മവീര്യം കെടുത്താൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. രൂക്ഷമായ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും, പരിധി വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചു. മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഹരജി വിധി പറയാന്‍ മാറ്റി.
Read Also: കോവിഡ്; സത്യപ്രതിജ്‌ഞാ ചടങ്ങ് ലളിതമാക്കുമെന്ന് എംകെ സ്‌റ്റാലിൻ