കൊൽക്കത്ത: എട്ടു വയസ് പ്രായമുള്ള എന്റെ മകളുടെ കൺമുന്നിൽ വച്ചാണ് താലിബാൻ ഭീകരവാദികൾ നാല് പേരെ കൊലപ്പെടുത്തിയത്, ഇപ്പോഴും രാത്രി ഉറക്കത്തിൽ അവൾ അതോർത്ത് ഞെട്ടി എഴുന്നേൽക്കാറുണ്ട്; താലിബാന്റെ നിയന്ത്രണത്തിൽ ആയ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിൽ എത്തിയ 32കാരനായ അഫ്‌ഗാൻ പൗരൻ പറയുന്നു.
ഇന്ത്യ നടത്തിയ രക്ഷാ ദൗത്യത്തിൽ ഡെൽഹിയിൽ എത്തിയ മുഹമ്മദ് ഖാനും ഭാര്യയും ഒൻപതും എട്ടും വയസുള്ള രണ്ട് പെൺമക്കളും ഇപ്പോൾ പശ്‌ചിമ ബംഗാളിലാണ് കഴിയുന്നത്. മുഹമ്മദ് ഖാന്റെ സുഹൃത്ത് ബംഗാളിൽ ആയതിനാലാണ് അദ്ദേഹം ഡെൽഹിയിൽ നിന്ന് അവിടേക്ക് പോയത്.
“എന്റെ മകൾ രാത്രിയിൽ ഞെട്ടി എഴുന്നേറ്റ് കരച്ചിലാണ്. നമ്മൾ ഇപ്പോൾ ഇന്ത്യയിൽ ആണെന്നും ഇവിടെ താലിബാൻ ഭീകരർ ഇല്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് ഞാൻ അവളെ ഉറക്കും,”- മുഹമ്മദ് ഖാൻ പറഞ്ഞു.
ഖാന്റെ മാതാപിതാക്കൾ ഇപ്പോഴും അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷിക്കാൻ അദ്ദേഹം ഇന്ത്യൻ എംബസിയിലേക്ക് വിളിക്കാൻ ശ്രമിക്കുന്നുണ്ട്. അഫ്‌ഗാനിൽ കുടുങ്ങിക്കിടക്കുന്ന തന്റെ സുഹൃത്തുക്കളെയും രക്ഷിക്കാൻ അദ്ദേഹം എംബസിയോട് അഭ്യർഥിച്ചു.
“മറ്റുള്ളവരെയും രക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്‌ച ഒരു വിമാനം കൂടി വരും. ആ വിമാനത്തിൽ കയറാൻ പലർക്കും അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ അഫ്‌ഗാൻ സഹോദരങ്ങൾ പ്രശ്‌നത്തിലാണ്. എന്റെ മാതാവും പിതാവും കുഴപ്പത്തിലാണ്, അവർ ഇപ്പോഴും അവിടെയാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ എന്നെ ഒരുപാട് സഹായിച്ചു. താലിബാൻ എന്റെ വീട്ടിൽ വന്നിരുന്നു, പക്ഷേ ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ വന്ന് എന്നെ അവരുടെ കാറിൽ ഇരുത്തി,”- ഖാൻ പറയുന്നു.
“എനിക്ക് എല്ലാം നഷ്‌ടപ്പെട്ടു. എനിക്ക് കഷ്‌ടിച്ച് 60,000 രൂപയും ഏതാനും സ്യൂട്ട്കേസുകളും മാത്രമേ കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. ഞാൻ ആദ്യം മുതൽ എന്റെ ജീവിതം പുനർനിർമ്മിക്കാൻ തുടങ്ങണം. കുട്ടിക്കാലം മുതൽ ഞാൻ അവിടെയാണ് താമസിക്കുന്നത്. എന്റെ വീടും കടയും കൊള്ളയടിക്കപ്പെട്ടു. അതിന്റെ ഒരു വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. താലിബാൻ എല്ലാം നശിപ്പിച്ചു,”- ഖാൻ പറഞ്ഞു.
Most Read: കൈക്കൂലി വാങ്ങി രാജ്യത്തെ വിറ്റത് കോൺഗ്രസ്; മറുപടിയുമായി ധനമന്ത്രി