തിരുവനന്തപുരം: മഴയിൽ മുങ്ങി തലസ്‌ഥാനം. ഇന്നലെ മുതൽ നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ തിരുവനന്തപുരത്ത് മഴക്കെടുതികൾ രൂക്ഷമായി. ശക്‌തമായ മഴയെ തുടർന്ന് തിരുവനന്തപുരം ടെക്‌നോപാർക്കിൽ വെള്ളം കയറി. ഗായത്രി ബിൽഡിങ് ഏരിയ വെള്ളക്കെട്ടിലായി. ടെക്‌നോപാർക്ക് ഫെയ്‌സ്-3ക്ക് സമീപം തെറ്റിയാർ കരകവിഞ്ഞു.
കണ്ണൻമൂല, അഞ്ചുതെങ്ങ്, പുത്തൻപാലം, കഴക്കൂട്ടം, വെള്ളായണി, പോത്തൻകോട് എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. 45 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. പോത്തൻകോട് കല്ലുവിളയിൽ മതിലിടിഞ്ഞു വീണ് യുവാവിന് പരിക്കേറ്റു. ശ്രീകാര്യത്ത് വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. പുല്ലൻപാറയിൽ മണ്ണിടിച്ചിലുണ്ടായി. നെയ്യാറ്റിൻകരയിൽ മരം കടപുഴകി വീണു. ബാലരാമപുരം-നെയ്യാറ്റിൻകര ഹൈവേ, നെയ്യാറ്റിൻകര റെയിൽവെ സ്‌റ്റേഷൻ എന്നിവിടങ്ങളിലും വെള്ളം കയറി.
മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 80 സെന്റീമീറ്റർ വീതം ഉയർത്തി. വലിയ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്‌ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തഹസിൽദാർമാർക്ക് കളക്‌ടർ നിർദ്ദേശം നൽകി.
തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ചു എല്ലാ റവന്യൂ ഉദ്യോഗസ്‌ഥരോടും ഓഫീസിൽ ഹാജരാകാനും കളക്‌ടർ നിർദ്ദേശിച്ചു. താലൂക്ക് അടിസ്‌ഥാനത്തിൽ കൺട്രോൾ റൂമുകൾ പൂർണ സജ്‌ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതുജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ളപക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്. ഒറ്റപ്പെട്ടതും ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 18 വരെയാണ് മുന്നറിയിപ്പുള്ളത്.
Most Read| നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്