തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും എറണാകുളത്ത് തിങ്കളാഴ്‌ചയും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അതിശക്‌തമായ മഴ സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു പൊതുജനങ്ങൾ സഹകരിക്കണമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
കടലാക്രമണം ശക്‌തമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ അപകട മേഖലകളിൽ താമസിക്കുന്നവർ മാറിത്താമസിക്കണം. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിന് സമീപത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്