തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പെയ്യുന്നത്. ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചതിനാലും സുരക്ഷ മുൻനിർത്തി ജില്ലയിലെ ഇക്കോ ടൂറിസം സെന്ററുകൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്തെ വനംവകുപ്പിന് കീഴിലുള്ള പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുകയാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ കെഐ പ്രദീപ് കുമാർ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്‌തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. രണ്ടു ജില്ലകളിലും അതീവ ജാഗ്രത തുടരുകയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മൽസ്യബന്ധനത്തിന് വിലക്കുണ്ട്.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്