മാനന്തവാടി: വയനാട്ടിൽ യുവാവ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അഞ്ചു യുവാക്കൾ അറസ്‌റ്റിൽ. എടവക കൊണിയൻമുക്ക് സ്വദേശിയായ ഇകെ ഹൗസിൽ അജ്‌മൽ (24) തൂങ്ങി മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. അജ്‌മലിനെ സംഘം ചേർന്ന് മർദ്ദിച്ചെന്ന പരാതിയിൽ കട്ടയാട് ഗീതാലയം സജേഷ് (44), പുതുശ്ശേരി തെക്കേതിൽ വിശാഖ് (23), പുതുശ്ശേരി മച്ചാനിക്കൽ എംബി അരുൺ (23), പാണ്ടിക്കടവ് പാറവിളയിൽ ശ്രീരാഗ് (21). വെൺമണി അരിപ്ളാക്കൽ മെൽബിൻ മാത്യു (23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മരിച്ച അജ്‌മലിനു പ്രതികളിൽ ഒരാളുടെ ബന്ധുവായ പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നതായും ഇക്കാര്യം ചൂണ്ടിക്കാട്ടി അറസ്‌റ്റിലായവർ കഴിഞ്ഞ ഞായറാഴ്‌ച രണ്ടുമണിയോടെ അജ്‌മലിനെ ഇയാളുടെ സുഹൃത്ത് വഴി അഗ്രഹാരം പുഴയ്‌ക്ക് സമീപം വിളിച്ചുവരുത്തി സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. തടയാൻ ശ്രമിച്ച അജ്‌മലിന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
അജ്‌മലിന്റെ ഫോണുകൾ പിടിച്ചുവാങ്ങിയ സംഘം യുവാവിനെ വീടിന്റെ പരിസരത്ത് കാറിൽ കൊണ്ടുവിടുകയും ചെയ്‌തിരുന്നു. പിന്നാലെ, തിങ്കളാഴ്‌ച രാവിലെ അജ്‌മലിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഘം ചേർന്നുള്ള മർദ്ദനവും ഭീഷണിയും മൂലമാണ് അജ്‌മൽ ആത്‍മഹത്യ ചെയ്‌തതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തുക ആയിരുന്നു. പരാതി ലഭിച്ചതോടെയാണ് പോലീസ് അറസ്‌റ്റിലേക്ക് കടന്നത്.
അറസ്‌റ്റിലായ യുവാക്കളിൽ ചിലർ മുമ്പ് മറ്റുചില കേസുകളിലും പ്രതികൾ ആന്നെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. മാനന്തവാടി പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. അജ്‌മലിന്റെ കഴുത്ത്, ഇടതു കൈ, മൂക്ക്, പുറംഭാഗം, കാൽമുട്ട് എന്നിവിടങ്ങളിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മർദ്ദനമേറ്റതിലുള്ള മനോവിഷമത്തിലാണ് അജ്‌മൽ ആത്‍മഹത്യ ചെയ്‌തതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്‌തമായത്.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം