തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവും കൊടുവള്ളിയില്‍ നിന്നുള്ള നിയമസഭാംഗവുമായ എംകെ മുനീറിന് ഭീഷണി കത്ത് ലഭിച്ച സാഹചര്യത്തിൽ സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്. ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ എംകെ മുനീറിന്റെ വീടിനും പോലീസ് സുരക്ഷ നല്‍കും.
താലിബാൻ വിരുദ്ധ പോസ്‌റ്റ് ഇട്ടതിനായിരുന്നു എംകെ മുനീർ ഭീഷണി നേരിട്ടത്. താലിബാനെതിരായ ഫേസ്‌ബുക് പോസ്‌റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്റെ അവസ്‌ഥ ഉണ്ടാകുമെന്നാണ് കത്തിലൂടെയുള്ള ഭീഷണി. ടൈപ് ചെയ്‌ത കത്ത് തപാലിലാണ് ലഭിച്ചത്.
താലിബാൻ വിരുദ്ധ പോസ്‌റ്റ് പിൻവലിക്കണം എന്നാണ് കത്തിലെ ആവശ്യം. കടുത്ത ഭാഷയിലാണ് കത്തെന്നും മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കത്തിന്റെ പകർപ്പ് സഹിതം പരാതി നൽകിയെന്നും എംകെ മുനീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം പോസ്‌റ്റ് പിൻവലിക്കാൻ തയ്യാറല്ലെന്നും താലിബാനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും എംകെ മുനീർ വ്യക്‌തമാക്കി. താലിബാന് മാറ്റം വന്നതായി കരുതുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വാര്‍ത്താ ഏജന്‍സികളെ പോലും അവർ നിശബ്‌ദരാക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.
Most Read: ആർഎസ്എസിന്റെ അൽപത്തരം; വാരിയംകുന്നന്റെ പേര് നീക്കുന്നതിൽ ഐസക്