തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കണമെന്ന് എംകെ മുനീർ. ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്തി പ്രതികരിക്കണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു.
പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായാണ് സിപിഎമ്മിന്റെ പരാമർശം. യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബിജെപിയുടെ പിന്നിൽ അണി നിരത്താൻ ശ്രമം നടക്കുന്നുവെന്നും സിപിഎം പരാമർശിച്ചിരുന്നു.
സമ്മേളനങ്ങളുടെ ഉൽഘാടന പ്രസംഗത്തിനായി പാർട്ടി നൽകിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത കാലത്തായി കേരളത്തിൽ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വർഗീയ സ്വാധീനത്തെ ഗൗരവത്തിൽ കാണണം. മുസ്‌ലിങ്ങൾക്കെതിരെ ക്രിസ്‌ത്യൻ ജന വിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും കുറിപ്പിൽ വ്യക്‌തമാക്കുന്നു.
താലിബാൻ പോലുള്ള സംഘടനകളെ പോലും പിന്തുണയ്‌ക്കുന്ന ചർച്ചകൾ കേരളീയ സമൂഹത്തിൽ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണെന്നും കുറിപ്പിൽ പരാമർശിക്കുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബിജെപി രാഷ്‌ട്രീയ ശക്‌തി നേടുന്നത് തടയണമെന്ന നിർദ്ദേശവും സിപിഎം നൽകുന്നു.
Read Also: വാക്‌സിനേഷൻ; സൗദിയിൽ ഇതുവരെ വിതരണം ചെയ്‌തത് 4 കോടിയിലേറെ ഡോസ്