തൃശൂർ: പൂരലഹരിയിൽ തൃശൂർ. ചെറുപൂരങ്ങളുടെ വരവ് രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ആവേശം കൊടുമുടി കയറിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലെത്തി. നെയ്‌തലക്കാവിലമ്മയെയും തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ എത്തിയത്. വാദ്യഘോഷം തീർക്കുന്ന മഠത്തിൽ വരവ് പഞ്ചവാദ്യം രാവിലെ 11 മണിയോടെ തുടങ്ങും. ഉച്ചക്ക് 12.15ന് ആണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്.
രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും. 35ഓളം സെറ്റ് കുടകളാണ് ഇരുവിഭാഗവും മാറുക. കുടമാറ്റം പൂർത്തിയായി ഇരുഭഗവതിമാരും മടങ്ങുന്നതോടെ രാത്രി പൂരത്തിന് തുടക്കമാകും. രാവിലെ നടന്ന അതേ ആവർത്തനമാണ് രാത്രിയിലും.
പാറമേക്കാവിൽ പാണ്ടിമേളത്തിന് പകരം പഞ്ചവാദ്യം അരങ്ങേറും. ചോറ്റാനിക്കര നന്ദപ്പൻ മാരാർ പ്രമാണിയാകും. പൂരം കഴിയുന്നതോടെ പുലർച്ചെ ഇരുഭഗവതിമാരും പന്തലിലെത്തി നിൽക്കും. ഇതോടെ വെടിക്കെട്ടിന് തുടക്കമാകും. നാളെ രാവിലെ ഇരുഭഗവതിമാരും വീണ്ടും 15 ആനപ്പുറത്ത് എഴുന്നള്ളും. ഉച്ചയോടെ ശ്രീമൂല സ്‌ഥാനത്തെത്തി ഉപചാരം ചൊല്ലി പിരിയുന്നതോടെ ഇക്കൊല്ലത്തെ പൂര ചടങ്ങുകൾക്ക് സമാപനമാകും.
Most Read: ദൗതം പൂർണം; അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു