ഇസ്‌ലാമാബാദ്: സമാധാന ചർച്ചയ്‌ക്ക് പങ്കെടുക്കില്ലെന്ന കടുംപിടിത്തം തുടർന്ന് ഇറാൻ. ഭീഷണിയുടെ നിഴലിലുള്ള ചർച്ചകളെ അംഗീകരിക്കാൻ ആവില്ലെന്നാണ് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഘർ ബാലിബാഫിന്റെ പ്രസ്‌താവന.
ഞായറാഴ്‌ച ഇറാന്റെ ചരക്കുകപ്പലായ ടൗസ്‌ക യുഎസ് പിടിച്ചെടുത്തതോടെയാണ് ചർച്ചയ്‌ക്കില്ലെന്ന നിലപാട് ഇറാൻ കടുപ്പിച്ചത്. യുഎസ്-ഇറാൻ താൽക്കാലിക വെടിനിർത്തൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചരയ്‌ക്ക് അവസാനിക്കും. ഇതിന് മുന്നോടിയായാണ് ഇന്ന് രണ്ടാംഘട്ട ചർച്ച നടത്താൻ യുഎസ് മുൻകൈ എടുക്കുന്നത്.
എന്നാൽ, ഉപരോധം നീക്കാതെ രണ്ടാംഘട്ട സമാധാന ചർച്ചയ്‌ക്ക് ഇസ്‌ലാമാബാദിലേക്ക് പ്രതിനിധി സംഘത്തെ അയക്കില്ലെന്നാണ് ഇറാൻ പറയുന്നത്. ചില ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കൂവെന്ന് ഇറാൻ വ്യക്‌തമാക്കി. നാവിക ഉപരോധം പിൻവലിക്കണം എന്നതാണ് ഇതിൽ പ്രധാനം. എന്നാൽ, ഹോർമുസ് കടലിടുക്ക് തുറക്കാതെ ഉപരോധം നീക്കില്ലെന്ന നിലപാടിലാണ് ട്രംപ്.
അതേസമയം, ഇസ്‌ലാമാബാദ് ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ മധ്യസ്‌ഥ രാജ്യങ്ങൾ ശ്രമം തുടരുകയാണ്. പാക്കിസ്‌ഥാൻ, ഈജിപ്‌ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നയതന്ത്ര പ്രശ്‌ന പരിഹാരത്തിന് ഇരുകൂട്ടരെയും പ്രേരിപ്പിക്കുന്നത്.
അതിനിടെ, ഇസ്‌ലാമാബാദിലേക്ക് വൈസ് പ്രസിഡണ്ട് ജെഡി. വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പുറപ്പെട്ടതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൊവ്വാഴ്‌ച രാവിലെ വാൻസ് പാക്കിസ്‌ഥാനിലെത്തും. ഇറാനുമായുള്ള യുദ്ധത്തിൽ താൻ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് പറഞ്ഞു.
കാര്യങ്ങളെല്ലാം വളരെ നന്നായി പോവുകയാണ്. സൈന്യം മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാൻ-യുഎസ് രണ്ടാംഘട്ട ചർച്ച ഇന്ന് ഉച്ചതിരിഞ്ഞ് ഇസ്‌ലാമാബാദിൽ നടക്കുമെന്നാണ് പാക്ക് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇറാൻ സംഘം ചർച്ചക്കെത്തുമെന്നാണ് പാക്ക് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. കരാറിൽ എത്താനുള്ള മികച്ച അവസരമാണിതെന്നും അതിന് തയ്യാറായില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം







































