വാക്‌സിനേഷൻ നൂറുകോടിയിലേക്ക്; ചരിത്രനേട്ടം ആഘോഷമാക്കാൻ കേന്ദ്രം

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ‘ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ്‍’ പ്രഖ്യാപിച്ച് ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ ചരിത്രനേട്ടത്തിനരികെ ഇന്ത്യ. കോവിഡ് പ്രതിരോധ വാക്‌സിനേഷനിൽ ഇന്ന് 100 കോടി ഡോസ് പൂർത്തിയാകും. ഈ സാഹചര്യത്തിൽ വിപുലമായ ആഘോഷപരിപാടികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

രാജ്യത്തെ മൊത്തം വാക്‌സിൻ ഡോസുകൾ ബുധനാഴ്‌ച 99.7 കോടി കടന്നിരുന്നു. കൊവിൻ പോർട്ടലിൽ രാത്രി 10.50 വരെയുള്ള ഡാറ്റ പ്രകാരം 18 വയസിന് മുകളിലുള്ള 75 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞു. ഏകദേശം 31 ശതമാനം പേർക്കാണ് രണ്ടുഡോസുകളും ലഭിച്ചത്.

യോഗ്യതയുള്ള എല്ലാവരും കാലതാമസം കൂടാതെ വാക്‌സിൻ സ്വീകരിച്ച് ചരിത്രനേട്ടത്തിന് സംഭാവന നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭ്യർഥിച്ചു. നാഴികക്കല്ല് പിന്നിടുന്ന വേളയിൽ ചെങ്കോട്ടയിൽ ആഘോഷപരിപാടികൾ നടക്കും. പ്രമുഖ ഗായകൻ ഖൈലാഷ് ഖേറിന്റെ ഗാനാലാപനത്തോടെയാകും പരിപാടികൾ തുടങ്ങുക. ഒരു ഓഡിയോ- വിഷ്വൽ ചിത്രവും പ്രദർശിപ്പിക്കും. തുടർന്ന്, 1,400 കിലോഗ്രാം ഭാരമുള്ള ഏറ്റവും വലിയ ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്തുമെന്നും വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട് ചെയ്‌തു.

കൂടാതെ, ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും നൂറുകോടി ഡോസ് വാക്‌സിൻ വിതരണം ചെയ്‌തത്‌ സംബന്ധിച്ച പ്രഖ്യാപനം നടത്താനും കേന്ദ്രം പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ, 100 ശതമാനം വാക്‌സിനേഷൻ എന്ന നേട്ടം കൈവരിച്ച ജില്ലകളിലും ഗ്രാമങ്ങളിലും ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് പോസ്‌റ്ററുകളും ബാനറുകളും സ്‌ഥാപിക്കാനും നിർദ്ദേശം നൽകിയിരിക്കുകയാണ് കേന്ദ്രം.

ഒരു സെക്കൻഡിൽ 700 പ്രതിരോധ വാക്‌സിൻ കുത്തിവെപ്പുകളാണ് നടത്തിവരുന്നത്. ഇതിൽ ആരാണ് 100 കോടി പൂർത്തിയാക്കുന്ന ഗുണഭോക്‌താവ്‌ എന്ന് കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി സിഇഒ ആർഎസ്‌ ശർമ്മ പറയുന്നു.

ബിജെപി നേതാക്കൾ വാക്‌സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കണമെന്നും പ്രത്യേക നിർദ്ദേശമുണ്ട്. ഇതിന്റെ ഭാഗമായി പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡ യുപിയിലെ ഗാസിയാബാദ് സന്ദർശിക്കും. ജനറൽ സെക്രട്ടറിമാരായ അരുൺ സിംഗും ദുഷ്യന്ത് ഗൗതമും യഥാക്രമം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും ലഖ്‌നൗവിലുമായിരിക്കും സന്ദർശനത്തിനായി എത്തുക.

ഒരേയൊരു രാജ്യം മാത്രമാണ് ഇതുവരെ 100 കോടി വാക്‌സിനേഷൻ പൂർത്തിയാക്കിയത്. കൊറോണ വൈറസിന്റെ ഉറവിടമായ ചൈന തന്നെയാണത്. ഈ വർഷം ജൂൺ ഒന്നിനാണ് ചൈന 100 കോടി വാക്‌സിനേഷൻ പൂർത്തിയാക്കിയത്. 100 കോടിയിലധികം ജനസംഖ്യയുള്ള ഒരു രാജ്യം കൂടിയാണ് ചൈന.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ആം ജൻമദിനത്തോട് അനുബന്ധിച്ച് ഒരു ദിവസം 2.5 കോടി ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്‌. ഇത് നാലാം തവണയാണ് രാജ്യത്ത് ഒരു ദിവസം ഒരു കോടിയിലധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുന്നത്. എങ്കിലും, ഇത് സംബന്ധിച്ച് നിരവധി ആരോപണങ്ങളും ആശങ്കകളും ഉയർന്നിരുന്നു. മരിച്ച ആളുകൾക്ക് വരെ വാക്‌സിൻ നൽകിയെന്ന ഞെട്ടിക്കുന്ന വാർത്ത മധ്യപ്രദേശിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്ത് വിതരണം ചെയ്‌ത ഡോസുകളുടെ എണ്ണം സംബന്ധിച്ച് ആശങ്കകൾ ഉയർന്നത്.

പൂർണമാകും വാക്‌സിൻ സ്വീകരിച്ച വ്യക്‌തികളുടെ എണ്ണവും ഒരു ഡോസ് മാത്രം സ്വീകരിച്ചവരുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട് പ്രതിപക്ഷ പാർട്ടികളും ചൂണ്ടിക്കാട്ടിയിരുന്നു. ആളുകൾ ആദ്യ ഡോസ് സ്വീകരിച്ച ശേഷം കൃത്യമായ സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് സ്വീകരിക്കാത്തതാണ് ഇതിന് കാരണമെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.

രാജ്യത്ത് കോവിഡിനെതിരായ രണ്ട് പ്രതിരോധ വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. പൂനെയിലെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിർമിച്ച ഓക്‌സ്‌ഫോർഡ്- അസ്‌ട്രാസെനക്കയുടെ കോവിഷീൽഡ്‌, രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ എന്നിവയാണവ. ആദ്യഘട്ടത്തിൽ കോവിഷീൽഡ്‌ മാത്രമാണ് വിതരണം ചെയ്‌തിരുന്നത്‌. പിന്നീടാണ് കൊവാക്‌സിൻ നൽകി തുടങ്ങിയത്. ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്‌തത്‌. ഇതിൽ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാനായി. 29 കോടി 15 ലക്ഷം പേർക്കാണ് ഇതുവരെ രണ്ട് ഡോസ് വാക്‌സിനും നൽകാനായത്.

Also Read: വ്യാപക കൃഷിനാശം; നഷ്‌ടപരിഹാരം വേഗത്തിലാക്കാൻ മന്ത്രിയുടെ ഇടപെടൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE