വാക്‌സിൻ പ്രതിസന്ധി; 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി

By Staff Reporter, Malabar News
pinarayi vijayan
Ajwa Travels

തിരുവനന്തപുരം: വാക്‌സിന്‍ പ്രതിസന്ധി പരിഹരിക്കാന്‍ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം കത്തയച്ചു. സംസ്‌ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവയ്‌ക്കണം എന്ന് കത്തിലൂടെ അഭ്യർഥിക്കുന്നു.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഛത്തീസ്‌ഗഡ്, ഒഡീഷ, പശ്‌ചിമ ബംഗാള്‍, ജാർഖണ്ഡ്, ഡെല്‍ഹി, പഞ്ചാബ്, രാജസ്‌ഥാന്‍, മഹാരാഷ്‌ട്ര എന്നീ 11 സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്. വിദേശ മരുന്ന് കമ്പനികൾ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് സംസ്‌ഥാന സര്‍ക്കാരുകളുമായി ധാരണയില്‍ ഏര്‍പ്പെടാന്‍ താൽപര്യപ്പെടാത്ത സാഹചര്യത്തിൽ എല്ലാ സംസ്‌ഥാനങ്ങളുടെയും വാക്‌സിന്‍ ആവശ്യകത കണക്കിലെടുത്ത് കേന്ദ്രം ആഗോള ടെണ്ടര്‍ വിളിക്കണമെന്ന ആവശ്യവുമായി കേരളം നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

പിണറായി വിജയൻ മറ്റ് മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിന്റെ ഉള്ളടക്കം:

രണ്ടാം തരംഗത്തിനു ശേഷം ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത കൂടിയുണ്ടെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുക എന്നത് അനിവാര്യമാണ്. അതിന് സാര്‍വത്രികമായ വാക്‌സിനേഷനിലൂടെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കണം. അതിന് സാര്‍വത്രികമായി വാക്‌സിന്‍ ലഭ്യമാക്കേണ്ടതുണ്ട്.

പണം ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വാക്‌സിന്‍ നിഷേധിക്കപ്പെട്ട് കൂടാ. വാക്‌സിന്‍ സംഭരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്‌ഥാനങ്ങൾക്കായാൽ അത് അവിടുത്തെ സാമ്പത്തിക നില പരുങ്ങലിലാക്കും. ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തില്‍ സംസ്‌ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്.

അതിന് വെല്ലുവിളി ഉണ്ടാകുന്നത് നമ്മുടെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും ജനാധിപത്യത്തിനുതന്നെ ദോഷകരമാവുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കുന്നതില്‍ പ്രതിബന്ധങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും.

ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കണമെങ്കില്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് വാക്‌സിനേഷന്‍ ലഭിക്കണം. എന്നാല്‍ രാജ്യത്ത് 3.1 ശതമാനം ആളുകള്‍ക്ക് മാത്രമേ ഇതുവരെ വാക്‌സിന്റെ രണ്ട് ഡോസും ലഭിച്ചിട്ടുള്ളൂ. വാക്‌സിന്‍ ഉൽപാദിപ്പിക്കുന്ന കമ്പനികളാവട്ടെ വാക്‌സിന്‍ ലഭ്യതയുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് പരമാവധി ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്.

cm-letter
പിണറായി വിജയൻ മറ്റ് മുഖ്യമന്ത്രിമാർക്ക് അയച്ച കത്ത്

വാക്‌സിന്‍ ഉൽപാദിപ്പിക്കാന്‍ കഴിവുള്ള നിരവധി പൊതുമേഖലാ സ്‌ഥാപനങ്ങള്‍ രാജ്യത്തുണ്ട്. പൊതുനൻമക്കായി ലഭ്യമാക്കേണ്ട വാക്‌സിന്റെ നിര്‍മാണത്തിന് ബൗദ്ധിക സ്വത്തവകാശമോ പേറ്റന്റ് നിയമങ്ങളോ ഉടമ്പടികളോ തടസമാകുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണം. നിര്‍ബന്ധിത ലൈസന്‍സിങ് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ ആരായണം.

വാക്‌സിന്‍ ലഭ്യമാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്‌ഥാനങ്ങള്‍ക്കാണ് എന്ന തരത്തിലുള്ള പ്രസ്‌താവനകള്‍ ഫെഡറലിസത്തിന്റെ അടിസ്‌ഥാന സങ്കൽപങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണ്.

ഈ ഘട്ടത്തില്‍ ഏറ്റവും അനിവാര്യം ആയിട്ടുള്ളത് സംസ്‌ഥാനങ്ങള്‍ക്ക് ആവശ്യമായ അത്രയും വാക്‌സിന്‍ കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യുക എന്നതാണ്. സംസ്‌ഥാനങ്ങളുടെ ന്യായമായ ഈ ആവശ്യം സംയുക്‌തമായി മുന്നോട്ടുവയ്‌ക്കുക എന്നതാണ് നമ്മുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്. ഇത് ഭാവിയിൽ ചിലവ് കുറക്കാനും സഹായകരമാവും.

Read Also: രാജ്യത്ത് ഒറ്റ വാക്‌സിൻ വില നടപ്പാക്കണം; നിർദ്ദേശവുമായി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE