വയനാട് സുഗന്ധഗിരി മരംകൊള്ള; രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് കൂടി സസ്‌പെൻഷൻ

കെപി സജിപ്രസാദ്‌, എംകെ വിനോദ് കുമാർ എന്നിവർക്ക് എതിരെയാണ് നടപടിയെടുത്തത്.

By Trainee Reporter, Malabar News
sandalwood Theft
Representational Image
Ajwa Travels

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് കൂടി സസ്‌പെൻഷൻ. കെപി സജിപ്രസാദ്‌, എംകെ വിനോദ് കുമാർ എന്നിവർക്ക് എതിരെയാണ് നടപടിയെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്‌ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതിനിടെ സുഗന്ധഗിരി വനം കൊള്ളയിൽ കേന്ദ്രാന്വേഷണത്തിനും നടപടി തുടങ്ങി.

കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന് എൻവയൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് റിസർച്ച് കൗൺസിൽ സമർപ്പിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി. വയനാട് സുഗന്ധഗിരിയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ മരം മുറി നടന്നെന്നാണ് കേസ്. നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

കേരള ഫോറസ്‌റ്റ് പ്രൊട്ടക്‌ടീവ് സ്‌റ്റാഫ്‌ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കൂടിയായ കൽപ്പറ്റ സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ കെകെ ചന്ദ്രൻ, ഇതേ സംഘടനയിലെ അംഗമായ ഫോറസ്‌റ്റ് വാച്ചർ ആർ ജോൺസൺ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. മുറിച്ച മരങ്ങൾ കടത്താൻ ശ്രമിച്ച ക്രെയിനിലെയും ട്രാക്‌ടറിലെയും ജീവനക്കാരായ കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

മുട്ടിൽ മരമുറിയെ വെല്ലുന്ന വനംകൊള്ളയാണ് നടന്നതെന്നാണ് വിലയിരുത്തൽ. മുട്ടിലിൽ റവന്യൂ ഭൂമിയിലെ മരങ്ങളാണ് മുറിച്ചുകടത്തിയതെങ്കിൽ സുഗന്ധഗിരിയിൽ വനഭൂമിയിലെ തന്നെ മരങ്ങളാണ് കൊള്ളയടിച്ചത്. വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ച് കടത്തിയതായാണ് കണ്ടെത്തിയത്. സ്വകാര്യ ഡിപ്പോകൾക്ക് നൽകുന്ന ഫോം 4 വെള്ള പാസുകൾ ഉപയോഗിച്ച് അവ ചെക്ക്പോസ്‌റ്റുവഴി കടത്തുകയും ചെയ്‌തു. വനം ഉദ്യോഗസ്‌ഥരിൽ ചിലർ തന്നെ ഇതിന് സഹായം ചെയ്‌തെന്നാണ് വിവരം.

മുപ്പതോളം ജീവനക്കാർ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന പ്രദേശത്താണ് വനംകൊള്ള നടന്നത്. നാലുപേർ കൈകോർത്താൽ പോലും ചുറ്റെത്താത്ത വണ്ണമുള്ള മരങ്ങളാണ് നഷ്‌ടപ്പെട്ടിരിക്കുന്നത്. സുഗന്ധഗിരിയിൽ ഭൂരഹിതരായ ആദിവാസികൾക്ക് അഞ്ച് ഏക്കർ വീതം പതിച്ച് കൊടുക്കാൻ ഉപയോഗിച്ച 1,086 ഹെക്‌ടറിലാണ് കൊള്ള നടന്നത്. പതിച്ച് കൊടുത്തെങ്കിലും ഭൂമി ഇപ്പോഴും വനംവകുപ്പിന്റെ അധീനതയിലാണ്.

സംഭവം അന്വേഷിക്കാൻ മൂന്ന് ഡിഎഫ്ഒമാർ ഉൾപ്പെടുന്ന ഉന്നതതല സമതി രൂപീകരിച്ചിരുന്നു. ഫ്ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർമാരായ മനു സത്യൻ (എറണാകുളം), അജിത് കെ രാമൻ (കണ്ണൂർ), എപി ഇംതിയാസ്‌ (കോഴിക്കോട്) എന്നിവർക്കാണ് അന്വേഷണ ചുമതല. കോട്ടയം ഫ്ളയിങ് സ്‌ക്വാഡ് ചീഫ് കൺസർവേറ്റർ എം നീതു ലക്ഷ്‍മിയുടെ മേൽനോട്ടമുണ്ടാകും. വിജിലൻസ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ എൽ ചന്ദ്രശേഖർ അന്തിമ റിപ്പോർട് നൽകും.

Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE