എന്താണ് 144? എന്താണ് കർഫ്യൂ? എന്തിനാണ് 144? തെറ്റിച്ചാലുള്ള ശിക്ഷയെന്താണ്?

By Desk Reporter, Malabar News
What is 144-What is curfew-Why 144

ഒരു നിശ്‌ചിത പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷമോ കലാപ സാധ്യതയോ ഉണ്ടാകുകയോ പകർച്ച വ്യാധിയോ, പ്രകൃതി ദുരന്തമോ സംഭവിക്കുകയോ ചെയ്യുമ്പോൾ അതിനെ നേരിടാനോ, പ്രതിരോധിക്കാനോ വേണ്ടി ആവശ്യമെങ്കിൽ, നിയമപരമായി നടപ്പിലാക്കുന്ന ഒരു സംവിധാനമാണ് 144 അഥവാ നിരോധനാജ്‌ഞ.

ഒന്നുകൂടി ലളിതമായി പറഞ്ഞാൽ, മനുഷ്യ ജീവനോ, ആരോഗ്യത്തിനോ, സ്വത്തുക്കൾക്കോ കേടുപാടുകള്‍ സംഭവിക്കാവുന്നതോ നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്നതോ ആയ സാഹചര്യങ്ങള്‍ ഉണ്ടായാൽ 144 പ്രഖ്യാപിക്കാം.

144 നടപ്പിലാക്കുമ്പോൾ, എത്രയാളുകൾക്ക് സംഘം ചേരാം (ഇത് മിക്കപ്പോഴും 5 ആയി പരിമിതപ്പെടുത്താറുണ്ട്), എത്രദൂരം സഞ്ചരിക്കാം, എങ്ങോട്ടൊക്കെ പോകാം, എന്തൊക്കെ തുറക്കാം, തുറക്കാതിരിക്കാം, ഏതൊക്കെ വാഹനങ്ങൾക്ക് അനുമതി നൽകാം, മത-ജാതി-രാഷ്‌ട്രീയ പരിപാടികൾ ഉൾപ്പടെ എന്തൊക്കെ അനുവദിക്കാം എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങങ്ങളിൽ അതാത് സമയത്തെ സാഹചര്യമനുസരിച്ച് അതാത് ജില്ലകളിലെ കളക്‌ടർമാർക്കോ, ജില്ലാ മജിസ്‌ട്രേറ്റ് ചുമതല വഹിക്കുന്ന വ്യക്‌തിക്കോ തീരുമാനങ്ങൾ എടുക്കാം.

സവിശേഷ സാഹചര്യങ്ങളിൽ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോ സംസ്‌ഥാന സര്‍ക്കാരിനോ ചില ഘട്ടങ്ങളിൽ കേന്ദ്ര സർക്കാരിനോ, സൈന്യത്തിനോ 144 പുറപ്പെടുവിക്കാൻ സാധിക്കും.

ബ്രിട്ടീഷ് കാലഘട്ടം മുതല്‍ തുടര്‍ന്ന് പോരുന്ന ഒരു നടപടിയാണ് ക്രിമിനല്‍ നിയമ സംഹിതയിലെ സെക്‌ഷൻ 144. ഇത് പ്രഖ്യാപിച്ചതിനു ശേഷം, നിയമവിരുദ്ധമായി സംഘം ചേരുക, 144 തെറ്റിച്ചുകൊണ്ട് പുറത്തിറങ്ങുക, 144 തെറ്റിക്കാൻ പ്രത്യക്ഷമായോ പരോക്ഷമായോ ആഹ്വാനം ചെയ്യുക തുടങ്ങി 144 പ്രഖ്യാപിക്കുമ്പോൾ പ്രസ്‌താവിച്ചിട്ടുള്ള കാര്യങ്ങൾ ലംഘിക്കുകയോ ലംഘിക്കാൻ പ്രോൽസാഹിപ്പിക്കുകയോ ചെയ്‌താൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 141 മുതല്‍ 149 വരെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാം. കേസ് കോടതിയിലെത്തിയാൽ, മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ പിഴയോ രണ്ടുംകൂടിയോ ലഭിച്ചേക്കും.
Legal Aid Councilനിരോധനാജ്‌ഞ നടപ്പിലായാൽ, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള സമ്മേളനത്തിനും സംഘം ചേരലിനുമുള്ള മൗലികാവകാശങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ല. ചിലപ്പോഴൊക്കെ അത് മനുഷ്യാവകാശങ്ങളെയും കവരും.

144 പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിശ്‌ചിത ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുന്നു. ഇത് പ്രകാരം ഏത് നിലയിലുള്ള ആയുധങ്ങള്‍ കൈവശം വെക്കുന്നതും അവ കൊണ്ടുനടക്കുന്നതും കുറ്റകരമാകുന്നു. അത്യാവശ്യ സാഹചര്യങ്ങളിൽ ഇന്റര്‍നെറ്റ്. ഫോൺ, മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പെടുത്താവുന്നതാണ്.

സാധാരണയായി 144 പ്രഖ്യാപിക്കുന്നത് 1 ദിവസം മുതൽ 2 മാസം വരെയാണ്. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഇത് 6 മാസമായി നീട്ടാവുന്നതാണ്. സാഹചര്യങ്ങള്‍ സാധാരണമായാല്‍ അവ പിന്‍വലിക്കാവുന്നതാണ്. ഉന്നത നീതിപീഠങ്ങളുടെയോ രാഷ്‌ട്രപതിയുടെയോ ഇടപെടലുകൾ ഉണ്ടെങ്കിൽ,  അതനുസരിച്ചും 144 നീട്ടുകയോ നിബന്ധനകൾ കടുപ്പിക്കുകയോ ലളിതമാക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്.
Night Curfew Malappuramപലപ്പോഴും ഏറെ തെറ്റിദ്ധാരണ ഉണ്ടാകുന്ന മറ്റൊരു വാക്കാണ് കർഫ്യൂ. സെക്‌ഷൻ 144 അഥവാ നിരോധനാജ്‌ഞയും കർഫ്യുവും ഒന്നല്ല എന്നത് ഓർക്കുക. 144ൽ കിട്ടുന്ന ഇളവുകൾ പോലും കിട്ടാത്ത ഒന്നാണ് കർഫ്യൂ. ഇത് പ്രഖ്യാപിച്ചാൽ, അടിയന്തര സാഹചര്യങ്ങളിൽ വീടിനു പുറത്തേക്ക് പോലും ഇറങ്ങാൻ സാധിക്കില്ല. കർഫ്യൂ നിലവിലുള്ളപ്പോൾ പുറത്തേക്ക് പോവണമെങ്കിൽ നിയമപരമായ അനുമതി നിർബന്ധമാണ്.

തയ്യാറാക്കിയത് ലീഗൽ ഐയ്‌ഡ്‌ കൗൺസിൽ എന്ന ഓൺലൈൻ നിയമ സഹായവേദിയുടെ സംസ്‌ഥാന പബ്ളിക് റിലേഷൻ ചുമതലയുള്ള അഡ്വ കെഎസ് രാജീവ് കുമാറാണ്.

പൂർണ്ണ വായനയ്ക്ക്

Most Read: സ്‌ഥിതി രൂക്ഷം; ബത്രയിൽ ഇന്ന് ഓക്‌സിജൻ ലഭിക്കാതെ മരിച്ചവർ 12 ആയി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE