കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആരെന്നതിൽ ആകാംക്ഷ തുടരുന്ന പശ്‌ചാത്തലത്തിൽ, കോട്ടയം ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കളുടെ യോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കം പങ്കെടുക്കും. തിരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല തിരുവഞ്ചൂർ രാധാകൃഷ്‌ണനും കെസി ജോസഫിനും നൽകിയിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട സംഘടനാപരമായ തയ്യാറെടുപ്പുകളെ കുറിച്ചാകും ഇന്നത്തെ യോഗം പ്രധാനമായും ചർച്ച ചെയ്യുക. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെയാകും സ്‌ഥാനാർഥിയെന്ന സൂചനകളാണ് കോൺഗ്രസ് തുടക്കം മുതൽ പുറത്തുവിട്ടിരുന്നത്. എന്നാൽ, അന്തിമതീരുമാനം ഇനിയും ആയിട്ടില്ല. ഇക്കാര്യത്തിലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലും ഇന്ന് തീരുമാനമുണ്ടാവാനാണ് സാധ്യത.
അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ് സിപിഎം. കഴിഞ്ഞ രണ്ടു തവണയും ഉമ്മൻ ചാണ്ടിയെ നേരിട്ട ജെയ്‌ക് സി തോമസ് തന്നെയാകും ഇക്കുറിയും പോരാട്ടത്തിനിറങ്ങുകയെന്ന സൂചനകളാണ് പാർട്ടിയിൽ നിന്നും പുറത്തുവരുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പഞ്ചായത്തുകളുടെ ചുമതല സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് വീതിച്ചു നൽകിക്കഴിഞ്ഞു.
Most Read| ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ലോകായുക്‌ത ഇന്ന് പരിഗണിക്കും