ന്യൂഡെൽഹി: രാജ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ മേഖലയിൽ വൻ വിപ്ളവം സൃഷ്‌ടിച്ച ഒലയുടെ കൂടുതൽ മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്. വൈവിധ്യമാർന്ന മോഡലുകൾ അവതരിപ്പിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി താരതമ്യേന വിലകുറഞ്ഞ മോഡലുകൾ പുതിയ സെഗ്‌മെന്റ് മുഖേന അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഒലയുടെ ജനപ്രിയ മോഡലുകളായ S1, S1 പ്രോ എന്നിവയുടെ വില കൂടുതലായതിനാൽ സാധാരണക്കാരിലേക്ക് എത്തുന്നതിന് പരിമിതികൾ ഉണ്ടെന്ന് കമ്പനി വിലയിരുത്തുന്നു. ഇത് മറികടന്നില്ലെങ്കിൽ വാഹനത്തിന്റെ സ്വീകാര്യതയെ ബാധിക്കുമെന്ന ആശങ്ക കമ്പനിക്കുണ്ട്.
ഈ സാഹചര്യത്തിലാണ് വിലകുറഞ്ഞ മോഡലുകൾ ലോഞ്ച് ചെയ്യാൻ കമ്പനി ഒരുങ്ങുന്നത്. നിലവില്‍ ഒലയുടെ S1 പതിപ്പിന് 99,999 രൂപയും, ഉയര്‍ന്ന മോഡലായ S1 പ്രോയ്‌ക്ക് 1,29,999 (സബ്‌സിഡികൾക്ക് മുൻപ്) രൂപയുമാണ് എക്‌സ് ഷോറൂം വില.
ഇത് ഓൺറോഡിലേക്ക് എത്തുമ്പോഴേക്കും 10 മുതൽ 15 ശതമാനം വരെ വില കൂടാനാണ് സാധ്യത. അതേസമയം, കുറഞ്ഞ വിലയിൽ ഒല പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന വാഹനങ്ങളിൽ പ്രീമിയം മോഡലുകളിലെ ഫീച്ചറുകൾ മുഴുവൻ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് സൂചന.
Read Also: ഹിറ്റായി ആർആർആറിലെ ‘കരിന്തോൾ’ പാട്ട്; അതിശയിപ്പിച്ച് രാം ചരണും ജൂനിയർ എൻടിആറും