അബുജ (നൈജീരിയ): നൈജീരിയയിൽ ശനിയാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ബോകോ ഹറാം തീവ്രവാദികളുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.
കൃഷിസ്‌ഥലത്ത് വിളവെടുപ്പ് നടത്തുകയായിരുന്ന സ്‌ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ആക്രമണത്തിന് ഇരകളായത്. വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെ മോട്ടോർ ബൈക്കുകളിൽ എത്തിയ ആക്രമി സംഘം ഇവർക്ക് നേരെ തുടർച്ചയായി വെടിവെക്കുകയായിരുന്നു. 43 പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീട് ഇത് 110 ആയി ഉയരുകയായിരുന്നു.
നിരവധി ആളുകൾക്ക് ഗുരുതരമായി പരിക്കുകൾ ഏറ്റിട്ടുണ്ടെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൃഷി സ്‌ഥലത്തുണ്ടായിരുന്ന സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. എന്നാൽ ഇതിൽ സ്‌ഥിരീകരണം ലഭിച്ചിട്ടില്ല.
Read also: ബ്രഹ്‌മപുത്ര നദിയിൽ ജലവൈദ്യുത നിലയം; ചൈനയുടെ പുതിയ പദ്ധതി